പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജിഷാദ് ജോലി ചെയ്യുന്നത്. 2017 മുതൽ ഫയർഫോഴ്സിൽ ജോലി ചെയ്തു വരികയാണ്. കൊടുവായൂർ സ്വദേശിയാണ് ജിഷാദ്.
കേസിലെ രണ്ട് മുഖ്യപ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത നിരവധി പേരും പിടിയിലായി. മറ്റ് പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ജിഷാദ് ആണോ പ്രതികളെ നാട് കടക്കാൻ സഹായിച്ചതെന്നും പോലീസ് സംശയിക്കുന്നു.
കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘത്തിലുള്ള ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള ബൈക്ക് കണ്ടെത്തിയത്.
പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്. നേരത്തെ കൊലയാളികൾ സഞ്ചരിച്ച ബൈക്കുകളിൽ ഒന്നിന്റെ അവശിഷ്ടം ഓങ്ങല്ലൂരിൽ വാഹനം പൊളിച്ചു വിൽക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തെളിവെടുത്തിരുന്നു.