യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്ന കുത്തബ് മിനാറിന്‍റെ പേര് വിഷ്ണു സ്തംഭ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. കുത്തബ് മിനാറിന് സമീപം പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ഇതേ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഹിന്ദു സംഘടനയായ മഹാകാൽ മാനവ് സേവയുടെ അംഗങ്ങളാണ് ഈ ആവശ്യവുമായി പ്രതിഷേധിച്ചത്. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡൽഹി സുൽത്താനേറ്റിന്‍റെ ആദ്യ രാജാവായ മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്‍റെ നിർമാണം. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലൈൻ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.