പുനെ: ഐപിഎല്ലിന്റെ 15-ാ൦ സീസണില്‍ (IPL 2022) പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്.ശനിയാഴ്ച നടന്ന ആദ്യത്തെ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് പഞ്ചാബ് കിങ്സ് തോല്‍വി വഴങ്ങിയതോടെയാണ് പ്ലേ ഓഫ് യോഗ്യത നേടുന്നതില്‍ നിന്നും മുംബൈ ഔദ്യോഗികമായി പുറത്തായത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമായ മുംബൈ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സീസണില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് ജയങ്ങളുമായി നാല് പോയിന്റോടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ബാക്കിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും 12 പോയിന്റാണ് ഇനി മുംബൈക്ക് പരമാവധി നേടാന്‍ കഴിയുക.
പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാന് ജയിച്ചതോടെ അവര്‍ക്ക് 14 പോയിന്റ് ആയി.ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 6 വിക്കറ്റിൻ്റെ തകർപ്പൻ ജയമായിരുന്നു രാജസ്ഥാൻ റോയൽസ് നേടിയത്. സീസണിൽ ചേസ് ചെയ്ത് രാജസ്ഥാൻ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഈ ജയത്തോടെ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കാനും രാജസ്ഥാന് കഴിഞ്ഞു.20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ഉയർത്തിയ 189 റൺസ് 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ (190) മറികടന്നു.