NEWS

വിഷം തിന്ന് മരിക്കുന്ന മലയാളികൾ;ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കാം(നമ്പർ ചുവടെ)

ഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരളത്തിൽ ടൺ കണക്കിന് ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത മീനാണ് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചത്.ഇടുക്കിയിൽ മീൻ കഴിച്ച് വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റതും മീൻ കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തതുമായിരുന്നു കാരണങ്ങൾ.അതുവരെ ഈ ആരോഗ്യ വകുപ്പ് എന്ത് ചെയ്യുകയായിരുന്നു? ഭക്ഷ്യ സുരക്ഷാ വകുപ്പ്   ?!
മീനിന്റെ പുറകെ ആരോഗ്യ വകുപ്പ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു കാസർകോട് ഷവർമ്മ കഴിച്ച ഒരു കുട്ടി മരിക്കുന്നത്.നിരവധി പേർ ഇപ്പോഴും ചികിത്സയിലുണ്ട്.ഇവർക്ക് ഷിഗല്ല രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.ഷിഗല്ല രോഗത്തിന് എന്താണ് കാരണം? പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല രോഗം പകരുന്നത്.ആ കച്ചവടക്കാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതല്ലേ…?
ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് വയനാട്ടിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്.മലപ്പുറത്ത് ഹോട്ടലിൽ നിന്ന് മന്തി കഴിച്ചവർക്കും ഇതിനിടയിൽ ഭക്ഷ്യവിഷബാധ ഉണ്ടായി.ചുരുക്കത്തിൽ പച്ചക്കറിയായാലും ഇറച്ചിയായാലും ഇനി മറ്റെന്തായാലും മലയാളി കഴിക്കുന്നത് വിഷം തന്നെയാണ്.ഇതൊക്കെ സമയാസമയങ്ങളിൽ പരിശോധന നടത്തി കണ്ടെത്തുകയും നടപടി എടുക്കേണ്ടതും ആരാണ്? തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ നടത്താത്ത അവർക്കെതിരെ അപ്പോൾ എന്ത് നടപടി സ്വീകരിക്കും?!!

നമ്മള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ച്‌ ഇതാദ്യമല്ല നമ്മൾ കേൾക്കുന്നത്. അമിതലാഭത്തിനായി എന്തെല്ലാം വിധത്തിലുള്ള മായം ചേര്‍ക്കലാണ്‌  ഭക്ഷ്യവസ്തുക്കളില്‍ കാട്ടിക്കൂട്ടുന്നത്.അറക്കപ്പൊടി ചേര്‍ത്ത മല്ലിപ്പൊടിയും തേയിലപ്പൊടിയും, ഇഷ്ടികപ്പൊടി കലര്‍ത്തിയ മുളകുപൊടി, മഞ്ഞക്കളർ ചേര്‍ത്ത മഞ്ഞള്‍പ്പൊടി, ഉണക്കചാണകപ്പൊടി ചേര്‍ത്ത ജീരകപ്പൊടി, യൂറിയ,സസ്യഎണ്ണ, വാഷിംഗ്‌ പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന കൃത്രിമപാല്‌ തുടങ്ങി എത്രമാത്രം മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ്‌ നിത്യേന നമ്മുടെ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.ഇറച്ചികളില്‍ പോലും മായം കലര്‍ത്തുന്നു. പെട്ടെന്ന്‌ വളര്‍ച്ചയും തൂക്കവും കിട്ടുന്നതിന്‌ കോഴികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നു.അങ്ങനെ എന്തൊക്കെ!!


എന്നാല്‍ പച്ചക്കറിയാണ്‌ ഭേദമെന്ന്‌ കരുതിയാല്‍ അവിടെയുമുണ്ട്‌ മായം.കീടങ്ങളെ തുരത്താനായി വീര്യം കൂടിയ കീടനാശിനികൾ അടിച്ച പച്ചക്കറികളാണ് തമിഴ്നാട്ടിൽ നിന്നും ലോഡ് കണക്കിന് ഇവിടേക്ക് വന്നിറങ്ങുന്നത്. കൊള്ളലാഭത്തിനായി അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ത്ത്‌ മാങ്ങ നിറംവെപ്പിക്കുകയും പഴുപ്പിക്കുന്നതുമായി വാര്‍ത്തകള്‍ വന്നതാണല്ലോ. ഇക്കാലത്ത്‌ അങ്ങാടിയില്‍ കിട്ടുന്ന പല പച്ചക്കറികളുടെയും ആകാരവും ഭംഗിയും കണ്ട്‌ നാം അത്ഭുതപ്പെടാറുണ്ട്‌.കല്ല്‌ പോലെ ദിവസങ്ങളോളം ചീയാതെ ഇരിക്കുന്ന തക്കാളി, തേങ്ങയേക്കാള്‍ വലുപ്പമുള്ള ഉണ്ട വഴുതിനങ്ങ, വിവിധ നിറങ്ങളിലുള്ള വെള്ളരിക്ക, പാവയ്ക്ക.അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ഇതിനെല്ലാം ഉപയോഗിക്കുന്നത് “ഓക്സിടോസിന്‍” എന്ന മരുന്നാണ്. ഉത്തര്‍പ്രദേശിലെ ബുലെന്ദ്ഷഹര്‍ ജില്ലയില്‍ കര്‍ഷകര്‍ വ്യാപകമായി ഈ മരുന്ന് കുത്തിവെയ്ച്ച്‌ വിളവെടുപ്പ്‌ നടത്തി കൊള്ളലാഭമുണ്ടാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ലൗക്കി (നീളന്‍ ചുരക്ക), വെണ്ടക്കയുടെ വലിപ്പമുള്ളപ്പോള്‍ വേരിന്‌ മുകളിലായി ചെടി(വള്ളി)യില്‍ ഈ വിഷമരുന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കുത്തിവെയ്ക്കുന്നു. ഒന്നോരണ്ടോ ആഴ്ചകൾ കൊണ്ട് ആ ചെടിയിലുള്ള ചുരക്കകള്‍ പത്തിരട്ടിയിലധികം വലിപ്പത്തിലാവുകയും ചെയ്യുമായിരുന്നത്രെ! നമ്മുടെ നാട്ടിൽ നേന്ത്ര കർഷകരും മരച്ചീനി കർഷകരുമൊക്കെ യൂറിയായും പൊട്ടാഷുമൊക്കെ ഇങ്ങനെ ഉപയോഗിക്കുന്നുണ്ട്-കായകൾക്ക് കൂടുതൽ വലിപ്പം വയ്ക്കാൻ.
എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം.എന്നാൽ ഏറ്റവും കൂടുതൽ ഭക്ഷ്യവിഷബാധ സംഭവിക്കുന്നതും ഇവിടെത്തന്നെ.
ഹോട്ടലുകളിലും ചന്തകളിലും വിതരണകേന്ദ്രങ്ങളിലും ചെക് പോസ്റ്റുകളിലും ഒക്കെ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പുമൊക്കെ ആഴ്ചയിൽ ഒരിക്കലെന്ന കണക്കിൽ പരിശോധന നടത്തിയില്ലെങ്കിൽ വിഷം കഴിച്ചു മരിക്കാനാകും മലയാളികളുടെ വിധി എന്ന് മാത്രമേ പറയാനുള്ളൂ.
ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂർ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂർ 8943346193, കാസറഗോഡ് 8943346194

Back to top button
error: