കേരളത്തിൻ്റെ രാഷ്ട്രീയ തലസ്ഥാനമാണ് കണ്ണൂർ. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശി എ.കെ ഗോപാലൻ എന്ന എകെജിയിൽ തുടങ്ങി സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ലയെന്ന ഖ്യാതിയും കണ്ണൂരിന് തന്നെ.
കൊല്ലം ജില്ലക്കാരനാണെങ്കിലും കേരളത്തിലെ മുന്നാമത്തെ മുഖ്യമന്ത്രിയായി ആർ ശങ്കർ അധികാരമേറ്റത് കണ്ണൂരിൽനിന്നുള്ള എം.എൽ.എ എന്ന കരുത്തിലാണ്. സംസ്ഥാനത്തെ ഏഴാമത്തെ മുഖ്യമന്ത്രിയായി കേരള രാഷ്ട്രീയത്തിലെ ചാണക്യനായി കണക്കാക്കപ്പെടുന്ന കെ കരുണാകരൻ അധികാരമേറ്റത് കണ്ണൂരിന് അഭിമാനമായി.
കണ്ണൂർ ചിറക്കൽ സ്വദേശിയായ കെ. കരുണാകരൻ കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയായപ്പോൾ കല്യാശ്ശേരി സ്വദേശി ഇ. കെ. നായനാരായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.
ഈ രാഷ്ട്രീയ സാഹചര്യം കെ. കരുണാകരൻ ഒൻപതാം നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉണ്ടായി. 1991 മുതൽ 1996 വരെയായിരുന്നു കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത്. 1992 മുതൽ 1996 വരെ ഇ. കെ. നായനാരായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. 4009 ദിവസം കേരള മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാവ്. പതിറ്റാണ്ടുകൾക്ക് ശേഷം ഭരണത്തുടർച്ച ഉറപ്പിച്ച് പിണറായി വിജയനും കേരള രാഷ്ട്രീയത്തിൽ കണ്ണൂരിന്റെ കരുത്തായി. കേന്ദ്രമന്ത്രിസഭയിൽ മലയാളത്തിൻ്റെ പ്രാതിനിധ്യമായ വി മുരളീധരൻ കണ്ണൂർ എരഞ്ഞോളി സ്വദേശിയാണ്. യു.പി.എ മന്ത്രിസഭകളിൽ രണ്ടുതവണ മന്ത്രിയായ മുസ്ലിംലീഗ് നേതാവ് ഇ അഹമ്മദും കണ്ണൂർകാരൻ തന്നെ.
കെ. സുധാകരൻ എം.പി കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഏറ്റെടുത്തതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കണ്ണൂരിൻ്റെ സാന്നിദ്ധ്യം കൂടുതൽ സജീവമായി. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും കണ്ണൂരിൽ നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയണ്. കണ്ണൂർ രാഷ്ട്രീയത്തിൽ പരസ്പരം പോരടിച്ചു വളർന്നവരാണ് ഇരുവരും.
കെ. സുധാകരൻ, കെ. മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, വി. മുരളീധരൻ, കെ. സി. വേണുഗോപാൽ, എം. കെ. രാഘവൻ, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, പി സന്തോഷ് കുമാർ എന്നിങ്ങനെ ഇന്ത്യൻ പാർലമെന്റിൽ നിലവിൽ കണ്ണൂർ ബന്ധമുള്ള ഒൻപതോളം ജനപ്രതിനിധികളാണുള്ളത്.