പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സിപിഐഎം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.സി പി എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ് നേതാവ് നിജിൽദാസിന് ഒളിച്ചുകഴിയാൻ വീട് നൽകിയ അധ്യാപിക അറസ്റ്റിലായിരുന്നു. പുന്നോൽ അമൃതവിദ്യാലയത്തിലെ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി എം രേഷ്‌മ (42) ആണ് അറസ്റ്റിലായത്. കൊവിഡ് കാലം മുതല്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചയാളാണ് വീട്ടുടമയുടെ ഭര്‍ത്താവ്. പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിജിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിജിൽ ദാസിന് രേഷ്‌മ വീട് ഒരുക്കി നൽകിയത്. ‘പൊലീസ് അന്വേഷിക്കുന്നുണ്ട്, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു.
ഭക്ഷണം പാകംചെയ്‌ത് എത്തിച്ചു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം. രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
നിജിൽദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം അമൃതവിദ്യാലയത്തിലെ മീഡിയ കോ–-ഓഡിനേറ്റർകൂടിയായ അധ്യാപികക്ക് മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ഒളിപ്പിച്ച് താമസിപ്പിച്ചത് ഐപിസി 212 പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.