കോന്നി : ഉദ്ഘാടനം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പെരുവാലിയിലെ മുളംകുടിലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറാകാതെ വനംവകുപ്പ്.
കഴിഞ്ഞ പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന മുളങ്കുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാത്തതിനാല്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതിരുന്നിട്ടു കുടി ആരംഭത്തില്‍ 10 ലക്ഷം രൂപ മാസവരുമാനം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.
നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് ഒരു രാത്രിയും പകലും താമസിക്കുന്നതിനുള്ള നിരക്ക്.ആഹാരത്തിനുള്ള പണം ഇതിന് പുറമെ കൊടുക്കണം.2016 സെപ്തംബറിലാണ് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പെരുവാലിയില്‍ മുളംകുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയത്.