തിരുവനന്തപുരം: എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്ന എഐഎസ്എഫിന്റെ ആരോപണം തള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്ഥാനത്തിലാണ് എഐഎസ്എഫ് പരാമർശമെന്ന് അറിയില്ല. എസ്എഫ് ഐ ക്കെതിരെ ചർച്ച ചെയ്താൽ മാധ്യമ വാർത്ത ആകുമെന്ന് എഐ എസ് എഫ് കരുതുന്നുണ്ടെന്നും സച്ചിൻ ദേവ് പ്രതികരിച്ചു.
സംസ്ഥാന നിലവാരത്തിലുളള സമ്മേളനം ചർച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എ ഐ എസ് എഫിന്റെ പൂർവ കാല ചരിത്രമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ ഐ എസ് എഫ് വിമർശനം ഉന്നയിക്കേണ്ട. ക്യാമ്പസുകളിലും സർവകലാശാലകളിലും എ ഐ എസ് എഫ് നിലനിൽക്കുന്നത് എസ് എഫ് ഐ സഹായത്തോടെയാണ്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വിശാല ഐക്യത്തിനെതിരാണ് എ ഐ എസ് എഫ് നിലപാട് എന്നും സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു.
എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ്എഫ്ഐക്കെതിരായ രൂക്ഷവിമർശനമുളളത്. സ്വാധീനമുള്ള ക്യാമ്പസുകളിൽ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ എബിവിപി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തിൽ എസ്എഫ്ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്ഐയ്ക്ക് കൊടിയിൽ മാത്രമേയുള്ളു എന്നും സംഘടന വിമർശിക്കുന്നു. റിപ്പോർട്ടിലെ വിമർശനം എഐഎസ്എഫ് സംസ്ഥാന നേതൃത്വം ആവർത്തിക്കുകയും ചെയ്തു. എസ്എഫ്ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ് എഫ് ഐ അക്രമം അഴിച്ച് വിടുന്നു. സിപിഎം നേതൃത്വം ഇടപെട്ടിട്ടും അതിൽ മാറ്റമില്ല. ഇടതു സംഘടനകൾ ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എഐഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ രാജ് പറഞ്ഞിരുന്നു.