കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ഒളിപ്പിച്ചുകടത്തിയ ഒരു കോടി രൂപയുടെ സ്വർണമാണ് പൊലീസ് ഇന്ന് പിടികൂടിയത്. സ്വർണം കടത്തിയ അഞ്ചുപേരും ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയവരും അടക്കം 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പൊലീസിന്റെ പിടിയിലായത് എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. കസ്റ്റംസിനെ വെട്ടിച്ച് ഇവരെങ്ങനെ പുറത്തിറങ്ങുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
കോഴിക്കോട് സ്വദേശി ഹബീബ് റഹ്മാൻ,കൊയിലാണ്ടി സ്വദേശി മജീദ്, മലപ്പുറം എടപ്പറ്റ സ്വദേശി നിഷാദ് ബാബു,കാസര്‍കോഡ് സ്വദേശി മുഹമ്മദ്, വയനാട് അബ്ദുള്‍ റസാഖ് എന്നിവരാണ് ഇന്ന് ആദ്യം അറസ്റ്റിലായത്. ഇവർ സ്വർണം കൊണ്ടു വന്നവരാണ്. ഇവരെ കൂട്ടികൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന ഏഴു പേരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ എത്തിയ നാല് കാറുകളും പൊലീസ് പിടിച്ചെടുത്തു.കാലിൽ വച്ചുകെട്ടിയും ലഗേജിൽ ഒളിപ്പിച്ചുമാണ് സംഘം സ്വര്‍ണം കൊണ്ടുവന്നത്.
പൊലീസ് എയ്ഡ് പോസ്റ്റു തുടങ്ങിയ ശേഷം, കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ 20 കാരിയർമാരാണ് ഇതിനകം തുടർച്ചയായി കരിപ്പൂരിൽ പൊലീസ് പിടിയിലായിട്ടുള്ളത്. ഇന്നത്തേത് സമാനരീതിയിലുള്ള കേസാണ്. സ്വര്‍ണക്കള്ളക്കടത്തുകാര്‍ കസ്റ്റംസിനെ വെട്ടിച്ച് സുരക്ഷിതരായി പുറത്തിറങ്ങുന്നതും പിന്നീട് പൊലീസ് പിടിയിലാവുന്നതും കസ്റ്റംസിന് വലിയ നാണക്കേടായിട്ടുണ്ട്. എന്തുകൊണ്ടാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ കണ്ടെത്താൻ കഴിയാത്തെതെന്ന അന്വേഷണം കസ്റ്റംസിനുള്ളില്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ കുറവും യന്ത്രങ്ങളടക്കം ആധുനിക സൗകര്യങ്ങളില്ലാത്തതുമാണ് കള്ളക്കടത്ത് പിടികൂടാൻ തടസമെന്നാണ് കരിപ്പൂര്‍ വിമാവനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മൂന്ന് വര്‍ഷങ്ങളായി ഈ വിഷയം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
പൊലീസിന് മഫ്ടിയില് വിമാനത്താവളത്തിന് പുറത്ത് അടക്കം നിരീക്ഷിക്കാൻ കഴിയുന്ന വിധത്തില്‍ ഉദ്യോഗസ്ഥരുണ്ട്. സ്വര്‍ണം കൊണ്ടുവരുന്നവരെ സ്വീകരിക്കാൻ എത്തുന്നവരില്‍ കള്ളക്കടത്തുകാരെ പൊലീസിന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇവരിലൂടെയാണ് പൊലീസ് കരിയര്‍മാരിലേക്ക് എത്തുന്നതെന്നും ജീവനക്കാരുടെ കുറവുകാരണം തങ്ങള്‍ക്കതിന് കഴിയുന്നില്ലെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.