ചണ്ഡിഗഢ്: റെയില്‍വേ ട്രാക്കില്‍ നിന്ന പശുക്കളെ ഇടിക്കാതിരിക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്തതിനെ തുടർന്ന് പഞ്ചാബിൽ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി.ഇന്നലെ രാത്രിയോടെ പതാന്‍കോട്ട് – അമൃത്സര്‍ റെയിഷല്‍വേ ലൈനില്‍ രൂപ്നഗറിനടുത്തു വച്ചാണ് അപകടം നടന്നത്. അപകടത്തില്‍ 16 വാഗണുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറി.
റോപ്പറിലെ ഗുരു ഗോബിന്ദ് സിംഗ് സൂപ്പര്‍ തെര്‍മല്‍ പ്ലാന്റില്‍ കല്‍ക്കരി ഇറക്കിയ ശേഷം കാലിയായി തിരിച്ചു വന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ട്രെയിനില്‍ ആകെ 56 വാഗണുകളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നാല് വൈദ്യുത തൂണുകളും തകര്‍ന്നു.
ഒരു കൂട്ടം പശുക്കള്‍ ട്രാക്കിലേക്ക് കടന്നു വരുന്നത് കണ്ട ലോക്കോ പൈലറ്റ് പെട്ടന്ന് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് ട്രെയിന്‍ പാളം തെറ്റാൻ കാരണം.ബ്രേക്ക് പിടിച്ചുവെങ്കിലും ട്രെയിൻ പശുക്കളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള എട്ട് എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.