NEWSWorld

കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന്‍

കീവ്: യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകന്‍ ഒലെക്‌സി അരിസ്റ്റോവിച് അറിയിച്ചു. എന്നാല്‍ യുക്രെയ്‌നിന്റെ കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. ഇവിടത്തെ ഏതാനും നഗരങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ നാശം വിതച്ചു. തുറമുഖ നഗരമായ മരിയുപോളില്‍ കനത്ത പോരാട്ടം നടക്കുന്നു. മധ്യ യുക്രെയ്‌നിലെ പോള്‍ട്ടോവ മേഖലയില്‍ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശമുണ്ടായി. ഒഡേസ തുറമുഖത്ത് 3 മിസൈലുകള്‍ പതിച്ചു.

റോയിട്ടേഴ്‌സിനു ഫോട്ടോയും വിഡിയോയും നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മാക്‌സിം ലെവിന്‍ (41) റഷ്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. എബി.യുഎ എന്ന വെബ്‌സൈറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്യുമെന്ററി നിര്‍മാതാവായ ഇദ്ദേഹത്തിന്റെ മൃതദേഹം കീവിനു സമീപമുള്ള ഗ്രാമത്തിലാണ് കണ്ടെത്തിയത്.

Signature-ad

റഷ്യന്‍ സേന പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍ കുഴിബോംബുകള്‍ വിതറുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിര്‍ സെലെന്‍സ്‌കി ആരോപിച്ചു. ഒഴിപ്പിക്കല്‍ ശ്രമം തടസ്സപ്പെടുത്തുന്നതിനുള്ള ഹീന നടപടി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോവറി നഗരം ഉള്‍പ്പെടെ പ്രദേശങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചെങ്കിലും കുഴിബോംബുകള്‍ നീക്കംചെയ്താല്‍ മാത്രമേ ഇവിടം വിട്ടവര്‍ക്കു തിരിച്ചുവരാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മാരിയുപോളില്‍ കുടുങ്ങിയ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നതിന് റെഡ് ക്രോസ് തീവ്രശ്രമം തുടരുന്നു. റഷ്യന്‍ സേന പിടിച്ച ഹോസ്റ്റോമെലിലെ വിമാനത്താവളം അവര്‍ ഉപേക്ഷിച്ചു.

സമാധാന ചര്‍ച്ച വെള്ളിയാഴ്ച പുനരാരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. റഷ്യന്‍ നഗരമായ ബെല്‍ഗൊറോദിലെ എണ്ണ സംഭരണശാല ആക്രമിച്ചതു സംബന്ധിച്ച് യുക്രെയ്‌നിന്റെ സ്ഥിരീകരണത്തിനു കാത്തിരിക്കുകയാണ് റഷ്യ. കീവിനു പടിഞ്ഞാറുള്ള ഡിമിട്രിവ്കയില്‍ റഷ്യയുടെ കവചിതവാഹന വ്യൂഹം കത്തുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഇവിടെ 8 റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുന്നതും കാണാം.

ഇതിനിടെ, യുക്രെയ്‌നിന് ചെറുത്തുനില്‍പിനായി 30 കോടി ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ കൂടി നല്‍കിയതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാറ്റോ വിപുലീകരണം സംബന്ധിച്ച ആശങ്ക പരിഹരിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് ചൈനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാങ് ലുടോങ് പറഞ്ഞു.

 

Back to top button
error: