NEWS

ബാങ്കില്‍നിന്ന് സ്വര്‍ണവും പണവുമായി പോയ ആളെ കാണാതായിട്ട് രണ്ടു വർഷം

തിരുവനന്തപുരം: ബാങ്കില്‍നിന്ന് സ്വര്‍ണവും പണവുമായി പോയ മനുഷ്യനെ  കാണാതായിട്ട് രണ്ട് വര്‍ഷം ആകാൻ പോകുന്നു.ബാങ്കില്‍നിന്ന് 50 പവനും 50,000 രൂപയുമായി മറ്റൊരു ബ്രാഞ്ചിലേക്ക് പോയ കുളപ്പട സുവര്‍ണ നഗര്‍ ഏദന്‍ നിവാസില്‍ കെ.മോഹനനെയാണ് (56) 2020 മേയ് 8 മുതൽ കാണാതായത്.

ലോക്ഡൗണ്‍ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ജില്ലവിട്ടു പോകാനുള്ള സാഹചര്യമില്ലായിരുന്നു. മോഹനനു സാമ്ബത്തിക ബാധ്യതയോ ശത്രുക്കളോ ഇല്ലെന്ന് കുടുംബം പറയുന്നു. ഫോണ്‍ കോള്‍ രേഖകളിലും സംശയകരമായി ഒന്നുമില്ല.ഭാര്യാ സഹോദരന്‍ പറണ്ടോട്ട് നടത്തുന്ന ഫിനാന്‍സ് സ്ഥാപനത്തിലാണ് 10 വര്‍ഷമായി മോഹനന്‍ ജോലി ചെയ്തിരുന്നത്.

 

Signature-ad

അവിടെനിന്ന് പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ (പ്രഭാതശാഖ) സ്വര്‍ണം കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും മോഹനനാണ്.ബാങ്കില്‍ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി മോഹനൻ അപ്രത്യക്ഷനാകുന്നത്.പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപംവരെ മോഹനന്‍ എത്തിയതായി തെളിവ് ലഭിച്ചു.കരകുളം അഴീക്കോടിന് അടുത്ത് ഇഷ്ടിക കമ്ബനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ 11.02ന് മോഹനന്‍ സ്കൂട്ടറില്‍ കടന്നു പോയതായി കാണുന്നുണ്ട്.അതിനുശേഷം ഒരു വിവരവുമില്ല.

 

ആര്യനാട് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്.തട്ടികൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.ലോക്‌ഡൗണ്‍ കാലമായതിനാല്‍ ജില്ല വിട്ടുപോകാന്‍ ശ്രമിച്ചാല്‍ അതിര്‍ത്തിയില്‍ പൊലീസിന്റെ പരിശോധനയില്‍ വ്യക്തമാകുമായിരുന്നു.ജില്ലയ്ക്കുള്ളില്‍ നടത്തിയ തിരച്ചിലും വിഫലമായി.തട്ടികൊണ്ടുപോകാനുള്ള സാധ്യത ഉറപ്പിക്കാനായി ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

 

ഒരു ഫോണാണ് മോഹനന്‍ ഉപയോഗിച്ചിരുന്നത്.ഫോണില്‍വന്ന അ‍ഞ്ഞൂറിലധികം നമ്ബരുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തില്‍നിന്ന് 2 തവണ കോള്‍ വന്നതൊഴിച്ചാല്‍ മറ്റു കോളുകളുമില്ല.ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള്‍ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.മോഹനനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: