ബി.ജെ.പിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന നേതാക്കളെ വിലക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല ? വിമര്‍ശനവുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്: സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തങ്ങളുടെ നേതാക്കളെ വിലക്കിയ കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല എന്നും റിയാസ് രൂക്ഷവിമര്‍ശനമുന്നയിച്ചു.
സിപിഎം സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുത്തിട്ടുമുണ്ടെന്ന് മുഹമ്മദ് റിയാസ് ഓര്‍മിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. വര്‍ഗീയശക്തികള്‍ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്യാനാണ് ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകള്‍ സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപിക്കെതിരേ ഞങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍നിന്ന് വിലക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.