മത്സ്യബന്ധനത്തിന് പോയ 16 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. അതിനിടെ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബോട്ടില്‍ തമിഴ്‌നാട് തീരത്തെത്തിയവരെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി.
രണ്ട് ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങളടക്കം 16 അഭയാര്‍ത്ഥികളാണ് ധനുഷ്‌കോടി, രാമേശ്വരം തീരത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ നിന്നും വരും ദിവസങ്ങളില്‍ 2000 അഭയാര്‍ത്ഥികളെങ്കിലും ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 8 കുട്ടികളടക്കം 16 ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് രണ്ട് ദിവസത്തിനിടെ രണ്ട് സംഘങ്ങളിലായി തെക്കന്‍ തമിഴ്‌നാട് തീരത്തെത്തിയത്. ജാഫ്‌ന, മാന്നാര്‍ മേഖലയില്‍ നിന്നുള്ള തമിഴ്വംശജരാണ് എല്ലാവരും. നാലു മാസം പ്രായമുള്ള കുഞ്ഞടക്കം ആദ്യ സംഘത്തിലുണ്ടായിരുന്നു. വിശന്നും ദാഹിച്ചും അവശനിലയിലായിരുന്നു മിക്കവരും തീരത്തെത്തിയത്.
രാമേശ്വരം ധനുഷ്‌കോടിക്കടുത്തുനിന്നും ആദ്യസംഘത്തെ തീരസംരക്ഷണസേന കണ്ടെത്തി. യന്ത്രത്തകരാറിനെത്തുടര്‍ന്ന് കേടായ ബോട്ടില്‍ കടലിലലഞ്ഞ രണ്ടാം സംഘത്തെ രാത്രി വൈകി പാമ്പന്‍ പാലത്തിന് സമീപത്തുനിന്ന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്ക് പതിനയ്യായിരം രൂപ വരെ ഈടാക്കിയാണ് അനധികൃത കടത്ത്. പ്രാഥമിക ചികിത്സയും ഭക്ഷണവും നല്‍കിയ ശേഷം രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഭയാര്‍ത്ഥികളെ മണ്ഡപം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി.