സത്യത്തിൽ ഈ പേരിൽ ഒരു തീവണ്ടിയില്ല ……
എന്നാൽ മലയാളിക്കിന്നും വെളുപ്പിന് എറണാകുളത്ത് എത്തിച്ചേരുന്ന 16187/ 16182 കാരയ്ക്കൽ എറണാകുളം എക്സ്പ്രസ് ട്രയിൻ ടീ ഗാർഡൻ ആണ്.ഈ വണ്ടി പിന്നീട് കോട്ടയത്തേക്കും തിരികെ എറണാകുളത്തേക്കും പാസഞ്ചറായും ഓടുന്നുണ്ട്.
പേരു വന്ന ചരിത്രം ……...
1944 ൽ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ ഊട്ടി മലനിരകളിലെ മേൽത്തരം തേയില കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്യുന്നതിനായി ആരംഭിച്ച യാത്രാ – പാഴ്സൽ സംയുക്ത തീവണ്ടി ആയിരുന്നു ടീഗാർഡൻ എക്സ്പ്രസ് എന്ന ഊട്ടി – കൊച്ചി തീവണ്ടി സർവ്വീസ്
ഈ ട്രയിൻ സർവ്വീസിന് രണ്ട് ഭാഗങ്ങളായിട്ടായിരുന്നു സർവ്വീസ്
ഊട്ടി – മേട്ടുപ്പാളയം ലൈനിൽ മീറ്റർ ഗേജിലും മേട്ടുപ്പാളയം – കൊച്ചി ഹാർബർ ടെർമിനസ് ലൈനിൽ ബ്രോഡ്ഗേജിലും ആയിരുന്നു സർവ്വീസ് ……… ആദ്യകാലത്ത് റേക്കിൽ പകുതിയും പാഴ്സൽ വാനുകൾ ആയിരുന്നത്രേ………
സ്വാതന്ത്ര്യാനന്തരവും കുറേക്കാലം കൂടി ടീ ഗാർഡൻ എക്സ്പ്രസ് ഇതേ റൂട്ടിൽ സർവ്വീസ് നടത്തി
പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്നപ്പോൾ മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ ഭാഗമായിരുന്ന കോയമ്പത്തൂർ നീലഗിരി ഭാഗങ്ങൾ തമിഴ് നാട്ടിലേക്കും ബാക്കി മലബാർ കേരളത്തിലേക്കും ചേർക്കപ്പെട്ടു . കോയമ്പത്തൂർ തമിഴ്നാടിൻ്റെ പ്രധാന പട്ടണമായി മാറി. അതോടെ ഊട്ടി കൊച്ചി പ്രസ്റ്റീജ് സർവ്വീസ് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നത് തമിഴ് ജനതയ്ക്ക് താൽപര്യമില്ലാതെയായി . ചെന്നൈ (പഴയ മദ്രാസ് ) ആസ്ഥാനമായ ദക്ഷിണ റയിൽവേ ആ സർവ്വീസ് ഊട്ടി മദ്രാസ് സർവ്വീസാക്കി നീലഗിരി എക്സ്പ്രസ് എന്ന പേരിൽ സർവ്വീസാരംഭിച്ചു
കൊച്ചി ട്രയിൻ തിരുച്ചിറപ്പള്ളിയിലേക്ക്
തുടർന്ന് ഈ തീവണ്ടി അനൗദ്യോഗിക വേളാങ്കണ്ണി സർവ്വീസായി മാറി നീണ്ട കാലം മധ്യകേരളത്തിലെ ക്രസ്തീയ വിശ്വാസികൾ വേളാങ്കണ്ണി തീർത്ഥാടനത്തിന് ഈ ട്രയിനിൽ തിരുച്ചിറപ്പള്ളിയിൽ ഇറങ്ങി തുടർന്ന് റോഡ് മാർഗ്ഗം വേളാങ്കണ്ണിയിലേക്ക് പോയിരുന്നു ………
2000 നു ശേഷം ഈ ട്രയിൻ കൊച്ചി ഹാർബറിലേക്കുള്ള സർവ്വീസ് അവസാനിപ്പിച്ചു
എറണാകുളം ജംഗ്ഷൻ -തിരുച്ചിറാപ്പള്ളി എക്സ്പ്രസായി
പിന്നീട് ഈ വണ്ടി തിരുച്ചിയിൽ നിന്നും നാഗൂരിലേക്കും പിന്നീട് പോണ്ടിച്ചേരിയുടെ ഭാഗമായ കാരയ്ക്കലേക്കും ദീർഘിപ്പിച്ചു: …….
അതോടെ വേളാങ്കണ്ണി യാത്ര എളുപ്പമായി
നാഗപട്ടണത്ത് ഇറങ്ങിയാൽ എളുപ്പം വേളാങ്കണ്ണിയിൽ എത്തിച്ചേരാം ……..
അങ്ങനെ തേയില തോട്ടങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശത്തുകൂടി ടീ ഗാർഡൻ ഇന്നും ഓടിക്കൊണ്ടിരിക്കുന്നു പഴയ ഓർമയ്ക്കായി ട്രാക്കിൽ മറ്റ് വണ്ടികളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പാഴ്സൽ വാനുകൾ വഹിച്ചു കൊണ്ട് ……….
സമയ പുനക്രമീകരണത്തോടെ ടീ ഗാർഡൻ സർവീസ് ആരംഭിക്കണം
വേളാങ്കണ്ണിക്ക് അടുത്തുള്ള കാരയ്ക്കലിൽ നിന്നും വൈകിട്ട് 4.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9മണിയോടെ കോട്ടയത്തെത്തുന്ന കാരയ്ക്കൽ-കോട്ടയം ടീ ഗാർഡൻ എക്സ്പ്രസ്സ് (ഈ ട്രെയിൻ എറണാകുളം-കോട്ടയം റൂട്ടിൽ പാസഞ്ചറാണ്) പിന്നീട് കോട്ടയത്തു നിന്നും പുറപ്പെടുന്നത് വൈകിട്ട് 5.10ന് മാത്രമാണ്.അതായത് എട്ടു മണിക്കൂറോളം ഈ ട്രെയിൻ കോട്ടയത്ത് വെറുതെ കിടക്കുകയാണെന്ന് അർത്ഥം ഈ സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് ട്രെയിൻ കൊല്ലത്തേക്കോ പുനലൂരേക്കോ നീട്ടിയാൽ അത് നൂറുകണക്കിന് യാത്രക്കാർക്കു കൂടി പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട.കൂടാതെ കോയമ്പത്തൂർ ഭാഗത്തു നിന്നും നാട്ടിലേക്കുള്ള രാത്രി യാത്രക്കാർക്കും വേളാങ്കണ്ണി,നാഗൂർ,ശബരിമല തീർത്ഥാടകർക്കും ഇത് ഒരുപോലെ ഉപകരിക്കുകയും ചെയ്യും.തിരികെ കാരയ്ക്കലിലേക്കുള്ള സർവീസ് സമയം പുന:ക്രമീകരിച്ചു (രാവിലെ അഞ്ചു മണിക്കോ ആറുമണിക്കോ കോയമ്പത്തൂർ എത്തുന്ന വിധം) ഓടിച്ചാൽ അതും നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.
നിലവിൽ വെള്ളിയാഴ്ചകളിൽ മാത്രമുള്ള കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ്സ് ആണ് കോട്ടയത്തു നിന്നും കോയമ്പത്തൂർ ഭാഗത്തേക്കുള്ള ഏക രാത്രി ട്രെയിൻ.ബാക്കിയെല്ലാം അർദ്ധരാത്രിയോടെയോ അതിന് മുമ്പായോ കോയമ്പത്തൂർ കടന്നു പോകുന്നവയായതിനാൽ ഭൂരിപക്ഷം യാത്രക്കാർക്കും ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും കിട്ടുന്നതുമില്ല.
മധ്യതിരുവിതാംകൂറിൽ നിന്നു മാത്രം നൂറുകണക്കിന് ആളുകളാണ് ഉപരിപഠനത്തിനും ജോലിയ്ക്കും മറ്റുമായി കോയമ്പത്തൂർ, ഈറോഡ്, സേലം ഭാഗങ്ങളിൽ ഉള്ളത്.രാത്രിയിൽ പുറപ്പെട്ട് രാവിലെ കോയമ്പത്തൂരിലും സേലത്തുമൊക്കെ എത്തിച്ചേരത്തക്കവിധത്തിലുള്ള ട്രെയിൻ സർവീസുകളാണ് ഇവർക്ക് ആവശ്യം.സമയത്തിന് ട്രെയിൻ സൗകര്യം ഇല്ലാത്തതിനാൽ കൂടുതൽ പേരും അമിത ചാർജ് നൽകി സ്വകാര്യ ബസ്സുകളെയാണ് നിലവിൽ ആശ്രയിച്ചുപോരുന്നത്.
ലോക്ഡൗൺ കാലത്തിനു ശേഷം ഇപ്പോൾ പല ട്രെയിനുകളും സമയം പുനക്രമീകരിച്ചു കൊണ്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്.അധികാരികൾ ഇക്കാര്യത്തിലും വേണ്ട ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷ..