നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. ദിലീപിന്റെ അഭിഭാഷകന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന് ശ്രമിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിയുടെ അഭിഭാഷകന് ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് കേസുകള്‍ നിലനില്ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനുമുന്നില്‍ എത്തിയിരിക്കുന്നത്.
അടിയന്തരമായി ബാര്‍ കൗണ്‍സില്‍ സംഭവത്തില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.