പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ പണി തുടങ്ങി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 122 രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു. സംസ്ഥാന പോലീസ് മേധാവി വി.കെ. ഭാവ്രയെ സന്ദർശിച്ചാണ് മൻ ഇതിനുള്ള നിർദേശം നൽകിയത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (സെക്യൂരിറ്റി) സംസ്ഥാനത്തെ എസ്എസ്പിമാർക്കും സിപിമാർക്കും അയച്ച കത്തിൽ രാഷ്ട്രീയക്കാരുടെ സുരക്ഷ പിൻവലിക്കാൻ നിർദേശിച്ചു. മുൻ സർക്കാരിന്റെ കാലത്ത് സുരക്ഷ ലഭിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്.
മൻപ്രീത് സിംഗ് ബാദൽ, രാജ് കുമാർ വെർക, ഭരത് ഭൂഷൺ ആഷു, രൺദീപ് സിംഗ് നാഭ, മുൻ ഡെപ്യൂട്ടി സ്പീക്കർ അജയ്ബ് സിംഗ് ഭാട്ടി, വിധാൻ സഭ മുൻ സ്പീക്കർ റാണ കെ പി സിംഗ്, റസിയ സുൽത്താന, പർഗത് സിംഗ്, അമരീന്ദർ സിംഗ് രാജ, അരുണ ചൗധരി, റാണ ഗുർജീത് സിംഗ്, ത്രിപ്ത് രജീന്ദർ സിംഗ് ബജ്വ, സുഖ്ബിന്ദർ സിംഗ് സർക്കാരിയ തുടങ്ങിയവരുടെ പേര് ലിസ്റ്റിലുണ്ട്.
മുൻ ഗതാഗത മന്ത്രി അമരീന്ദർ സിംഗ് രാജയുടെ 21 ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്. മന്ത്രി ഇത്തവണയും എംഎല്‍എയായി ജയിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി മൻപ്രീത് ബാദലിന്റെ 19 ഉദ്യോഗസ്ഥരെ പിൻവലിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പർഗത് സിംഗിന്റെ 17 സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചു. മുൻ മന്ത്രിമാരായ ബ്രഹ്മ മൊഹീന്ദ്ര, റസിയ സുൽത്താന, അരുണ ചൗധരി, റാണാ ഗുർജീത് സിംഗ്, ത്രിപ്ത് രജീന്ദർ സിംഗ് ബജ്വ, സുഖ്ബിന്ദർ സിംഗ് സർക്കരിയ എന്നിവരുടെ 14 സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചു.
കോണ്‍ഗ്രസിന്റെ പഞ്ചാബിലെ അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിന്റെ പേരും പട്ടികയിൽ ഉൾപ്പെടുന്നു. അവരുടെ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്.