KeralaNEWS

എന്തിനീ പൂമൊട്ടും തല്ലിക്കൊഴിച്ചു നീ…?

ന്നരവയസുകാരി നോറമരിയ ഒരു വിലാപമായി നമ്മുടെ മനസിൽ ചൂഴ്ന്നു നിൽക്കുന്നു. ആ പൂമ്പാറ്റയെ വെള്ളത്തില്‍ മുക്കിക്കൊന്ന മനുഷ്യരൂപം പൂണ്ട പിശാചുക്കൾ ജയിലഴിക്കുള്ളിലായി. കുടുംബ ബന്ധങ്ങളുടെ പുത്തൻ സൂത്രവാക്യ നിർമ്മിതിയിൽ സീരിയലുകളും റിയാലിറ്റി ഷോകളും ന്യൂജെൻ സിനിമകളും നടത്തുന്ന കുറ്റകരമായ സ്വാധീനത്തെക്കുറിച്ച് ഒരാത്മപരിശോധന നടത്തുകയാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രവീൺ ഇറവങ്കര

നല്ല നടപ്പ്: പ്രവീൺ ഇറവങ്കര

കൊച്ചിയിൽ മുത്തശ്ശിയുടെ കാമുകൻ ബക്കറ്റു വെള്ളത്തിൽ മുക്കിക്കൊന്ന നോറമരിയ എന്ന ഒന്നര വയസ്സുകാരിയുടെ ഓമനത്തം തുളുമ്പുന്ന പടം നോക്കി ഞാനങ്ങനെ ഇരുന്നു.
കരയാൻ കൊതിയുണ്ടായിരുന്നു.
പക്ഷേ മനസ്സിന്റെ ചുട്ടുപൊള്ളുന്ന ചൂടിൽ ശ്ലഥ ഗ്രന്ഥികളൊക്കെയും വറ്റി വരണ്ടു പോയിരുന്നു.
എന്റെ പ്രിയപ്പെട്ട കുഞ്ഞു മാലാഖേ,
നൊന്തോ നിനക്ക്…?
പ്രാണനു വേണ്ടി പിടയുമ്പോൾ നീ അറിഞ്ഞോ കണ്ണിൽ വന്നു കയറുന്ന ഇരുട്ടിന്റെ പേരാണ് മരണമെന്ന്…?
എവിടെ !
അതൊക്കെ തിരിച്ചറിയാനുള്ള ബോധം പോലും നിനക്കായില്ലെല്ലോ !
മരിക്കുമ്പൊഴും നീ ചിരിച്ചിട്ടുണ്ടാവും.
ഒക്കെ ആ മാമന്റെ കുസൃതിയാണെന്നു നിനച്ചിട്ടുണ്ടാവും.
ബക്കറ്റു വെള്ളം നിനക്ക് കടൽപ്പരപ്പല്ലേ !
കൈകാലടിച്ചു പിടയുമ്പോൾ നിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുക്കിയമർത്തിയ മാമന് ഒരുവട്ടമെങ്കിലും നിന്റെ കണ്ണുകളിലേക്കൊന്നു നോക്കാമായിരുന്നില്ലേ…?
അവിടെ പൂവിട്ട ദൈവത്തിന്റെ മുഖം കാണാമായിരുന്നില്ലേ…?
വാരിയെടുത്താ കണ്ണിലും കവിളിലും ഉമ്മ കൊണ്ട് ഉത്സവം നടത്താമായിരുന്നില്ലേ…?

ജോൺ ബിനോയ് ഡിക്രൂസ് എന്നാണത്രേ അയാളുടെ പേര്.
കാമുകിയമ്മൂമ്മ സിപ്സി.
കുഞ്ഞിന്റെ അമ്മയും ഡിക്രൂസിന്റെ ആദ്യ കാമുകിയുമായ ഡിക്സി.
വായിൽ കൊള്ളാത്ത ഈ പേരൊക്കെ പഠിച്ചു പാസായാലും നിങ്ങളുടെയൊക്കെ മനസ്സു പഠിക്കാൻ ഈ ജന്മം ഞങ്ങൾക്കു പറ്റുമെന്നു തോന്നുന്നില്ല.
അത്ര വൈകൃതങ്ങളല്ലേ അവിടെമാകെ നിറഞ്ഞു കിടക്കുന്നത്.
മരുമകൾ അമ്മായിയമ്മക്ക് കാമുകനെ കൈമാറുന്നു !
തന്റെ മകനോളം പ്രായമില്ലാത്ത കാമുകനുമായി അമ്മായിയമ്മ അടിച്ചു പൊളിക്കുന്നു !
മരുമകൾ പെറ്റ കുട്ടി അയാളുടേതാണെന്നു പറയുന്നു !
വാക്കു തർക്കം മൂത്ത് കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊല്ലുന്നു !
കുഞ്ഞിന്റെ മരണം ആഘോഷിക്കാൻ അടിച്ചു ഫിറ്റായി ആഭാസത്തരം പറഞ്ഞിറങ്ങിയ മകൻ നാട്ടുകാരുടെ തല്ലു മേടിച്ച് റൊട്ടിയാവുന്നു !
@നല്ല ഉത്തമ കുടുംബം.
ഞങ്ങൾ മെഗാ സീരിയൽ എഴുത്തുകാരുടെ ഭാവനയെപ്പോലും നിങ്ങൾ നിർദ്ദയം ബ്രേക്ക് ചെയ്തു കളഞ്ഞു.

മുത്തശ്ശിയെന്നാൽ ഞങ്ങൾക്ക് പണ്ട് പറഞ്ഞു തീരാത്ത കഥകളും മുറക്കാൻ തുപ്പലിന്റെ മണവുമായിരുന്നു.
അമ്മയോളം പോന്ന ആശ്വാസ-വിശ്വാസ മടിത്തട്ടായിരുന്നു.
അതിനെ അവിഹിതവും രതിമണവും സമാസമം ചേർത്ത് തകർത്തു കളഞ്ഞില്ലേ സിപ്സീ എന്ന ഡാകിനിമുത്തച്ഛീ നീ ?

കുഞ്ഞേ, മാപ്പു പറയാൻ പോലും ആവതില്ലെനിക്ക്.
നീ ഒരു ഒറ്റപ്പെട്ട നിലവിളി അല്ല.
കാലം കുറച്ചായി ഞങ്ങളിത് കേൾക്കാൻ തുടങ്ങിയിട്ട്.
കൊച്ചിയിലും കോതമംഗലത്തും മലമ്പുഴയിലും തിരുവനന്തപുരത്തും മാത്രമല്ല, ഞങ്ങൾ ഇരുകാലി മൃഗങ്ങൾ രാക്ഷസപർവ്വമാഘോഷിക്കുന്ന സർവ്വയിടങ്ങളിലും കുഞ്ഞേ, നിന്റെ ചോരക്ക് നല്ല ഡിമാന്റാണിപ്പൊ…!

പണ്ടും ഇങ്ങനൊക്കെ ഉണ്ടായിരുന്നു.
യുദ്ധവും സമാധാനവും ഒരുപോലെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങളെയായിരുന്നു.
കടിച്ചു കുടഞ്ഞത് അവരുടെ അമ്മമാരുടെ ഉടുതുണിയായിരുന്നു.
നേർപെങ്ങൾ ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്റെ അന്തകനാകുമെന്ന അശരീതി കേട്ടു പേടിച്ച് ജീവഭയം കൊണ്ടാണ് കംസൻ, എണ്ണമൊന്നുമെടുക്കാൻ നിൽക്കാതെ അവൾ പെറ്റ പിള്ളേരെയൊക്കെ കാലേവാരി നിലത്തടിച്ചത്.
ഹേരോദേസ് ചക്രവർത്തി ഒരു ദേശത്തെ കുഞ്ഞുങ്ങളെ മുഴുവൻ വേട്ടയാടിക്കൊന്നത് തന്റെ രാജാധികാരത്തെ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു ജൂത രാജകുമാരൻ ജനിച്ച വിവരം വിദ്വാന്മാരിൽ നിന്ന് അറിഞ്ഞതു കൊണ്ടാണ്.
അങ്ങനെ വേണമെങ്കിൽ ഈ ബാലവിലാപങ്ങളെയും നരാധമന്മാരെയുമൊക്കെ നമുക്ക് ഒരു പരുവത്തിൽ ന്യായീകരിക്കാം.
പക്ഷേ ജോൺ ബിനോയ് ഡിക്രൂസേ, നിന്നെ ഞങ്ങൾ ഏതു വകുപ്പിൽപ്പെടുത്തും ?

സമാനതകളില്ലാത്ത ക്രൂരതകളിലാണ് മനുഷ്യനിപ്പോൾ ആറാടുന്നത്.
മൃഗീയം എന്നു പറഞ്ഞാൽ മൃഗങ്ങൾ വണ്ടിയെടുത്തു വന്ന് വീട്ടിൽ കയറി കടിച്ചിട്ട് പോവും !
അതിലും എത്രയോ പൈശാചികമാണ് നമുക്കു ചുറ്റുമുള്ള പല മനസ്സുകളും.

കാരണവും ചികിത്സയും തേടി പോവുമ്പോൾ ഞാനുൾപ്പെടെ പലരും പ്രതിക്കൂട്ടിൽ നിൽക്കും.
കുടുംബ ബന്ധങ്ങളുടെ പുത്തൻ സൂത്രവാക്യ നിർമ്മിതിയിൽ സീരിയലുകളും റിയാലിറ്റി ഷോകളും ന്യൂജെൻ സിനിമകളും നടത്തുന്ന കുറ്റകരമായ സ്വാധീനങ്ങൾ ചെറുതല്ല.
പണ്ട് കോട്ടയം പൈങ്കിളി വാരികകൾ നവ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുകയും വിരൽത്തുമ്പിൽ പോലും തൊടാത്ത അനശ്വര വിശുദ്ധ പ്രണയം ശരാശരി മലയാളിയെ പഠിപ്പിക്കുകയും ചെയ്ത സ്പേസിലാണ് രൂപം മാറി വന്ന ഇത്തരം സ്വീറ്റ് പൾപ്പുകൾ അപകടകരമായ പ്രവർത്തനം നടത്തുന്നത്.

സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്നവനെന്നോ
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനെന്നോ അഭ്യുദയകാംഷികൾ എന്നെ പരിഹസിച്ചാലും സാരമില്ല.
കണ്ണടച്ചിരുട്ടാക്കാൻ വയ്യാത്തതു കൊണ്ടു പറയുവാ.
കുറച്ചു കൂടി നമ്മൾ കലാകാരന്മാർ ജാഗ്രത പാലിക്കണം.
സാമൂഹ്യ പ്രതിബദ്ധതയെന്ന തേഞ്ഞു പഴകിയ വാക്ക് പ്രയോഗിക്കുന്നില്ല.
പക്ഷേ നമ്മളെ വിശ്വസിക്കുകയും നമ്മുടെ സൃഷ്ടികളെ അന്ധമായി അനുകരിക്കുകയും ചെയ്യുന്ന പാവം പ്രേക്ഷകനോട് അല്പം കൂടി ദയയാവാം.
കുറഞ്ഞ പക്ഷം അമ്മയെയും പെങ്ങളെയും അമ്മുമ്മയെയും തിരിച്ചറിയുന്ന ഒരു ദൃശ്യജാലകം നമുക്ക് തുറന്നിടാം.
കഥയും കാലവും കൈകൊർത്ത് ആ മനോഹര ജാലകവക്കിൽ കാറ്റു കൊണ്ടു നിൽക്കുന്ന കാഴ്ചയോർത്ത് കുറ്റബോധമില്ലാതെ ഉറങ്ങാം.
ഉറങ്ങുമ്പോൾ നോറ മരിയമാർ ചിരിക്കുന്നത് സ്വപ്നം കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: