10 കിലോ അരിക്ക് രണ്ടുകിലോ ഉഴുന്ന് എന്നതാണ് അനുപാതം. പൊന്നി അരിതന്നെ വേണം.അല്പം ഉലുവയും ചേർത്ത് അരച്ചെടുക്കും. എട്ടുമണിക്കൂർവേണം മാവ് പുളിക്കാൻ. മൺകലത്തിൽ വെള്ളം പാതിനിറച്ച് മുകളിൽ മറ്റൊരു മൺകലത്തിന്റെ മുറിച്ചെടുത്ത വായ് ഭാഗം വെയ്ക്കും. പ്രത്യേകം നൂലുകൊണ്ട് (ഇഡ്ഡലി നൂൽ) വായ്ഭാഗം വരിഞ്ഞുകെട്ടും.
മുകളിലായി പ്ലാശ് മരത്തിന്റെ (പ്രാദേശികമായി അറിയപ്പെടുന്നത്) ഇലകൾവെച്ച് അതിനുമുകളിലാണ് മാവൊഴിക്കുക.മാവിനുമുകളിൽ വെളുത്ത തുണിയിടും.ഇങ്ങനെ മൂന്ന് തട്ടുകളിലായി ഇഡ്ഡലി നിറച്ചാൽ കലം മുഴുവനായി മറയ്ക്കുന്ന പാത്രംകൊണ്ട് മൂടും.മൂന്ന് മിനിറ്റ്.. ഇഡ്ഡലി തയ്യാർ.
പരന്ന് അപ്പത്തിന്റെ ആകൃതിയാണ് രാമശ്ശേരി ഇഡ്ഡലിക്ക്.അടുപ്പിനും പ്രത്യേകതയുണ്ട്.പുളിവിറകും മൺകലവുമാണ് വേണ്ടത്.അതേപോലെ കൂടെ കഴിക്കുവാൻ മറ്റെന്തെല്ലാം ഉണ്ടെങ്കിലും രാമശ്ശേരി ഇഡലിയുടെ ബെസ്റ്റ് കോംബോ ഇഡലിപ്പൊടി തന്നെയാണ്.കൂടെയുള്ള ചമ്മന്തിയെയും സാമ്പാറിനെയും ഒക്കെ കടത്തിവെട്ടുന്ന രുചിയാണ് ഇഡലിപ്പൊടിയ്ക്ക്.അരി വറുത്തത് , കുരുമുളക് , ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയാണ് ഇഡലിപ്പൊടി എന്നറിയപ്പെടുന്നത്.വെളിച്ചെണ്ണ ചാലിച്ചാണ് ഇത് ഇഡലിക്കൊപ്പം കഴിക്കേണ്ടത്.