KeralaNEWS

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

കാഞ്ഞിരപ്പള്ളി: മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടെ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദൻ ജോർജ് വെടിയുതിർക്കുകയായിരുന്നു. ജോർജിനെ പൊലീസ് പിടികൂടി. വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രഞ്ജു കുര്യന്റെ സഹോദരി ഭർത്താവ് മാത്യു സ്കറിയയെയാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെടി വച്ച പ്രതി ജോർജ് കുര്യനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

Signature-ad

ഇന്ന് (തിങ്കൾ) വൈകിട്ട് നാലരമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ്, തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്. തറവാട്ടു വീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റം ഉണ്ടായി.

തുടർന്ന് ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ രഞ്ചു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ് അബോധാവസ്ഥയിലായ  മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു.
ലൈസൻസുള്ള സ്വന്തം റിവോൾവർ ആണ് ഇയാൾ വെടിവെക്കാൻ ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ജോർജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: