KeralaNEWS

വിമാനത്തിൽ ജനിച്ചാൽ കുഞ്ഞിന് ഏത് രാജ്യത്തെ പൗരത്വം ലഭിക്കും?

ജന്മം കൊണ്ടുതന്നെ മാതാപിതാക്കളുടെ മാതൃരാജ്യത്തെ പൗരന്മാരാണ് ലോകത്തെ ഭൂരിഭാഗം മനുഷ്യരും.അതേസമയം നിങ്ങളുടെ ജനനം ആകാശത്തുവച്ചാണെങ്കില്‍ ഏത് രാജ്യത്തെ പൗരത്വമായിരിക്കും ലഭിക്കുക? ഉദാഹരണത്തിന് വിമാനത്തില്‍ പറക്കുന്നതിനിടെയാണ് കുട്ടി ജനിക്കുന്നതെങ്കില്‍ ഏതു രാജ്യത്തെ പൗരത്വം ആ കുഞ്ഞിന് ലഭിക്കും?
ഒരു രാജ്യത്തിന് മുകളിലൂടെ പറക്കുമ്പോൾ
ഒറ്റനോട്ടത്തില്‍ പലരുടേയും തലപുകയ്ക്കുന്ന ചോദ്യമാണിത്. ഉദാഹരണമായി ഒരു സംഭവം നോക്കാം. പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീ ഒരിക്കല്‍ ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ വിമാനത്തില്‍ അവര്‍ കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് പിറക്കുമ്പോള്‍ കാനഡയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. ആ കുഞ്ഞിന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തുക കാനഡയായിരിക്കും. മാതാപിതാക്കളുടെ രാജ്യത്തെ പൗരത്വം കുഞ്ഞിന് സ്വാഭാവികമായും ലഭിക്കും. ഇരട്ട പൗരത്വം അനുവദിക്കാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലാണെങ്കില്‍ കാനഡ പൗരത്വം കുഞ്ഞിന് ലഭിക്കില്ല. ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ പൗരത്വ നിയമങ്ങളുള്ളത്. ഇരട്ട പൗരത്വം അനുവദിക്കുന്ന രാജ്യങ്ങളിലെ കുഞ്ഞായിരുന്നുവെങ്കില്‍ അവര്‍ക്ക് സ്വാഭാവികമായും കാനഡ പൗരത്വം കൂടി ലഭിക്കുമായിരുന്നു.
ഒരു രാജ്യത്തിന്റേയും പരിധിയില്‍ അല്ലാത്ത ഭാഗത്തുകൂടെ പോകുമ്പോൾ കുഞ്ഞ് പിറന്നാലോ?
ആകാശത്തെ പിറവികളില്‍ അങ്ങനെയും സംഭവിക്കാമല്ലോ. മഹാ സമുദ്രങ്ങള്‍ക്ക് മുകളിലൂടെയോ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശത്തു വച്ചോ കുഞ്ഞിന്റെ ജനനം സംഭവിച്ചാലും വകുപ്പുണ്ട്. അപ്പോള്‍ വിമാനം ഏത് രാജ്യത്താണോ റജിസ്റ്റര്‍ ചെയ്തത് ആ രാജ്യത്തിന്റെ പൗരത്വമായിരിക്കും കുഞ്ഞിന് ലഭിക്കുക. ഉദാഹരണത്തിന് നോര്‍വെയില്‍ റജിസ്റ്റര്‍ ചെയ്ത വിമാനമാണെങ്കില്‍ കുഞ്ഞിന് നോര്‍വെ പൗരത്വം ലഭിക്കും.
ഇത്തരം ജനനങ്ങള്‍ക്കുള്ള സാധ്യത കുറവ്
എങ്കില്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ഇത്തരം ജനനങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. കാരണം 36 ആഴ്ചയിലേറെ ഗര്‍ഭിണികളായവരെ വിമാനത്തില്‍ സഞ്ചരിക്കാന്‍ രാജ്യാന്തര വിമാന കമ്പനികള്‍ അനുവദിക്കാറില്ലെന്നതു തന്നെ. ഗര്‍ഭിണികളായവര്‍ പോലും വിമാനത്തില്‍ സഞ്ചരിക്കണമെങ്കില്‍ ഡോക്ടറുടെ കൃത്യമായ ഉപദേശം ഉറപ്പുവരുത്തേണ്ടതുണ്ട്. ഗര്‍ഭസ്ഥശിശുവിന് 28 ആഴ്ചയിലേറെ പ്രായമായിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ (ഏഴ് ദിവസത്തിനുള്ളില്‍ എടുത്തത്) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ അനുഭവിക്കുന്ന ഗര്‍ഭിണികള്‍ വിമാനയാത്ര ഒഴിവാക്കണമെന്നാണ് പൊതു നിര്‍ദേശം.
ആകാശത്തെ അധികാരം
ആകാശത്തെ അധികാരത്തെക്കുറിച്ച് വൈവിധ്യമുള്ള നിയമങ്ങളാണ് രാജ്യങ്ങള്‍ക്കുള്ളത്. ചില രാജ്യങ്ങള്‍ 45 മൈല്‍ ഉയരം വരെ ആകാശം തങ്ങളുടെ അധികാരത്തിലുള്ളതാണെന്ന് അവകാശപ്പെടുമ്പോള്‍ ചിലവ 99 മൈലാണ് പറയുന്നത്. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള എട്ട് രാജ്യങ്ങള്‍ 1976ല്‍ അവകാശപ്പെട്ടത് ഭൂമിയില്‍ നിന്നും 22,300 മൈല്‍ ഉയരം വരെ തങ്ങളുടെ പരിധിയില്‍ പെടുന്നതാണെന്നാണ്. ആകാശത്തിന് പരിധിയുണ്ടെന്ന് എല്ലാ രാജ്യങ്ങളും സമ്മതിക്കുന്നുണ്ടെങ്കിലും ആ പരിധിയില്‍ തന്നെ ഏറ്റക്കുറച്ചിലുകളുണ്ട്.
ആകാശത്ത് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വത്തില്‍ പലഘടകങ്ങളും ഒത്തുചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. ആകാശത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പല രാജ്യങ്ങളും പൗരത്വം നല്‍കുന്നുണ്ട്. ചില രാജ്യങ്ങള്‍ ആ പൗരത്വം അനുവദിക്കുന്നില്ല. ഓരോ രാജ്യത്തിനും പൗരത്വ നിയമം വ്യത്യസ്തമാണെന്നതു പോലെ ആകാശത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിലും വ്യത്യസ്ത തീരുമാനങ്ങളാണുള്ളത്.

Back to top button
error: