യേശുദാസ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതാണ്..? ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ഒരു മലയാളിക്കും കഴിഞ്ഞുവെന്നുവരില്ല.കാരണം അവരുടെ മനസു നിറയെ യേശുദാസ് പാടിയ എണ്ണമറ്റ ഗാനങ്ങളുടെ ഈണങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.ഹിന്ദി സിനിമയായ ചിറ്റ് ചോറിലെ ഓ…കൊരിയാരേ,തമിഴിലെ കണ്ണേ കലൈമാനേ… തുടങ്ങി ഭാഷയ്ക്കതീതമായ എത്രയെത്ര പാട്ടുകളാണ് അദ്ദേഹം പാടിയിട്ടുള്ളത്.അല്ലെങ്കിൽ, യേശുദാസ് തന്നെ ഒരായിരം പാട്ടുകളാണല്ലോ !!
അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ കെ.ജെ. യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്.ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ റെക്കോർഡും ഈ ഗായകന് തന്നെയാണ്.
‘ജാതി ഭേദം മതദ്വേഷം ..’ എന്നാരംഭിക്കുന്ന എക്കാലവും പ്രസക്തമായ ഗുരുവചനം പാടിക്കൊണ്ടാണ് യേശുദാസ് തന്റെ സിനിമാ സംഗീത യാത്ര ആരംഭിക്കുന്നത്.പ്രണയവും വിരഹവും ഭക്തിയുമടക്കം ഏത് ഭാവവും പൂർണതയോടെ ഒഴുകിയെത്തുന്ന ആ ശബ്ദം തന്നെയാണ് യേശുദാസിനെ മലയാളം കണ്ട ഏറ്റവും മഹാനായ ഗായകനായി എക്കാലവും നിലനിർത്തിയതും.ആലാപനത്തിലെ വ്യത്യസ്തതയും അനായാസതയും അദ്ദേഹത്തെ മറ്റ് ഗായകരിൽ നിന്ന് ഇന്നും വേറിട്ടു നിർത്തുന്നു.ഹരിവരാസനം, ആയിരം കാതം അകലെ ആണെങ്കിലും, രക്ഷകാ.. തുടങ്ങിയ ഭക്തി ഗാനങ്ങൾ അനശ്വരമാക്കിയ ശബ്ദത്തിൽ നിന്ന് തന്നെ പാരിജാതം തിരുമിഴി തുറന്നു,അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… അടക്കം അസംഖ്യം പ്രണയ ഗാനങ്ങൾ ഒഴുകിയെത്തി.താമസമെന്തേ വരുവാൻ, കരയുന്നോ പുഴ ചിരിക്കുന്നോ, ആത്മാവിൻ പുസ്തക താളിൽ തുടങ്ങി വിരഹവും വിഷാദവും നിറഞ്ഞ ഗാനങ്ങൾ യേശുദാസിന്റെ കളകണ്ഠം വിട്ടൊഴുകി ആസ്വാദക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടി. നാടൻ പാട്ടുകളും ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയിൽ സൃഷ്ടിക്കപ്പെട്ട പാട്ടുകളും ഹാസ്യ ഗാനങ്ങളുമൊക്കെ മറ്റാർക്കും സാധിക്കാൻ കഴിയാത്ത പൂർണതയോടെയും മനോഹാരിതയോടെയുമാണ് യേശുദാസിന്റെ ശബ്ദത്തിൽ ശ്രോതാക്കളിൽ എത്തിയത്.
എങ്കിലും യേശുദാസിന് ഏറ്റവും കൂടുതൽ കൈയ്യടി നേടിക്കൊടുത്തത് മലയാളം പാട്ടല്ലായിരുന്നു.തനിക്കേറ്റവും ഇഷ്ടപ്പെട്ട ആ പാട്ടിനെക്കുറിച്ച് യേശുദാസ് തന്നെ പറയുന്നു:
വർഷം 1980. മുംബൈ ഷണ്മുഖാനന്ദ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നിസ്സഹായനായി നിൽക്കുകയാണ് യേശുദാസ്.പ്രശ്നം ഗുരുതരമാണ്. ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ തന്റെ ഗാനത്തിന് വേദിയില്‍ അകമ്പടി നല്കാന് ആളില്ല.തൊട്ടു മുന്‍പത്തെ പാട്ട് കഴിഞ്ഞയുടന്‍ പൊടിയും തട്ടി സ്ഥലം വിട്ടതാണ് ഓര്‍ക്കസ്ട്രക്കാര്‍.പശ്ചാത്തല സംഗീതമില്ല്ലാതെ അത്രയും വലിയൊരു വേദിയില്‍ പാടുന്നതെങ്ങനെ? അന്നനുഭവിച്ച ഏകാന്തത പോലൊന്ന് ഒരു വേദിയിലും അതിനു മുന്‍പോ പിന്‍പോ അനുഭവിച്ചിട്ടുണ്ടാവില്ല യേശുദാസ്.
ഓര്‍ക്കസ്ട്ര അംഗങ്ങള്‍ക്ക് അവരുടെതായ ന്യായമുണ്ട്.ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ ലക്ഷ്മികാന്ത് – പ്യാരേലാലിന്റെ സ്ഥിരം വാദ്യോപകരണ വിദഗ്ദരാണവര്‍.സ്വന്തം പാട്ടുകള്‍ക്ക് അകമ്പടി സേവിച്ചാല്‍ മതി എന്നാണു എല്‍ – പി (ലക്ഷ്മികാന്ത് പ്യാരേലാല്‍) അവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് ഉഷാ ഖന്നയുടെ ഈണത്തിലുള്ള “ദില്‍ കെ ടുക്ക്ടെ” എന്ന പാട്ടിനാണെന്നിരിക്കേ, അകമ്പടിയ്ക്ക് എല്‍ – പിയുടെ ട്രൂപ്പിനെ എങ്ങനെ പ്രതീക്ഷിക്കാനാകും? അവാര്‍ഡ് ഗാനം വേദിയില്‍ അവതരിപ്പിക്കണമെങ്കില്‍ ഗായകന് സ്വന്തം ഓര്‍ക്കസ്ട്രക്കാരെ തരപ്പെടുത്തിക്കൊള്ളണം.ഇല്ലെങ്കിൽ ഓര്‍ക്കസ്ട്രയില്ലാതെ പാടാം.
“വളരെയേറെ ആത്മസംഘര്‍ഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്”– യേശുദാസ് ഓര്‍ക്കുന്നു.”ഓര്‍ക്കസ്ട്രയുടെ കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല.ആ ഘട്ടത്തില്‍ ഞാന്‍ എവിടെ ചെന്ന് അകമ്പടിക്കാരെ സംഘടിപ്പിക്കാന്‍? വേദിയില്‍ പകച്ചു നിന്ന എന്നോട് സ്ഥലത്തുണ്ടായിരുന്ന ഒരു തബലിസ്റ്റിന് അലിവു തോന്നിയെന്ന് തോന്നുന്നു.ഞാന്‍ നിങ്ങൾക്കു വേണ്ടി വായിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു അയാള്‍ സ്റ്റേജിൽ കയറി വന്നപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.അവാര്‍ഡ് ഗാനം പാടാനുള്ള ആഗ്രഹം ഞാന്‍ നേരത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.പകരം കുറച്ചു നാള് മുന്‍പ് മാത്രം സിനിമക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്ത, എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാട്ട് എല്ലാം മറന്നു ഞാന്‍ പാടി: ഷഡജ്നെ പായാ യേ വര്ദാന് ….”പശ്ചാത്തലത്തില്‍ തബലയുടെ താളം മാത്രം…!
അന്നത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നിശയുടെ മുഖ്യ ആകര്‍ഷണം, ഉപകരണ ബാഹുല്യമില്ലാതെ യേശുദാസ് പാടിയ ആ ഗാനം ആയിരുന്നു.സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു ഹാളില്‍.പാട്ട് പാടിത്തീര്‍ന്നപ്പോള്‍ ഉയര്‍ന്ന കാതടപ്പിക്കുന്ന ഹര്‍ഷാരവം യേശുദാസ് ഇന്നും മറന്നിട്ടില്ല.
വർഷം 1980 ആണെന്നോര്‍ക്കണം.ദേശീയ അവാര്‍ഡിനെക്കാള്‍ മുംബൈ സിനിമാലോകം വിലമതിക്കുന്ന ഫിലിം അവാര്‍ഡ് ഒരു തെന്നിന്ത്യന്‍ ഗായകനെ, അതും മലയാളിയെ, നടാടെ തേടി എത്തുകയായിരുന്നു.മുന്‍പ് രണ്ടു തവണ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട് യേശുദാസ് — 1977 ലും (ചിത്ചോറിലെ ഗോരി തേരാ ഗാവ് ബഡാ ), 78 ലും ( സ്വാമിയിലെ കാ കരൂം സജ്നീ ). ആദ്യ വര്‍ഷം `കഭീ കഭീ’ എന്ന ഗാനത്തിലൂടെ മുകേഷും രണ്ടാം വര്‍ഷം `ക്യാ ഹുവാ തേരാ വാദാ’യിലൂടെ മുഹമ്മദ് റഫിയുമാണ് ജേതാക്കളായത്.1979 ല്‍ റഫിയേയും മുകേഷിനെയും പിന്നിലാക്കി കിഷോര്‍ കുമാര്‍ (ഡോണ്‍ ) അവാര്‍ഡ് നേടുന്നു. അതും കഴിഞ്ഞാണ് യേശുദാസിന്റെ ഊഴം. അന്ന് പിന്നിലായിപ്പോയത് ചില്ലറക്കാരല്ല – അമിതാഭ് ബച്ചന് (മേരെ പാസ് ആവോ – മിസ്റ്റര്‍ നട്ട് വര്‍ലാല്‍), കിഷോര്‍ കുമാര്‍ (ഏക് രാസ്താ ഹേ സിന്ദഗി – കാലാ പഥര്‍), റഫി ( ചലോരേ ഡോലി – ജാനി ദുശ്മന്‍) , നിതിന്‍ മുകേഷ് ( ആജാരേ മേരെ ദില്‍ഭര്‍ – നൂരി). ആ വർഷം നോമിനേഷന് ലഭിച്ചവയില്‍ യേശുദാസിന്റെ രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു എന്ന് കൂടി അറിയുക –ദാദയിലെ ദില്‍ കെ ടുക്ക്ടെയ്ക്ക് പുറമേ സുനയനാ ആജ് ഇന്‍ നസാരോം കോ തും ദേഖോ (സുനയനാ) എന്ന പാട്ടും!