KeralaNEWS

ഹരി എസ് കര്‍ത്തയെ നിയമിച്ചത് സ്വന്തം തീരുമാനമെന്നും സർക്കാർ തലയിടേണ്ടെന്നും ഗവർണർ, ഗവണ്മെൻ്റും ഗവർണറും വീണ്ടും തുറന്ന പോരിലേയ്ക്ക്

ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി ബി.ജെ.പി നേതാവ് ഹരി എസ്. കർത്തയെ നിയമിച്ചതിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി പാർട്ടിക്കാരെ നിയമിക്കുന്നതും രണ്ട് വർഷത്തിന് ശേഷം ഇവർക്ക് പെൻഷൻ നൽകുന്നതും നിയമവിരുദ്ധമാണെന്ന് ഗവർണറും തുറന്നടിച്ചു

തിരുവനന്തപുരം: ഗവര്‍ണറുടെ അഡിഷണല്‍ പി എ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതോടെ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ വീണ്ടുമൊരു ശീതസമരത്തിനു തുടക്കമായി. ഈ നിയമനത്തിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു.

പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു.

Signature-ad

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സണൽ സ്റ്റാഫ് പദവിയിൽ നിന്ന് രാജിവെച്ച് ഇവർ വീണ്ടും പാർട്ടി പ്രവർത്തകരായി തിരികെയെത്തുന്നു. ഇങ്ങനെ പാർട്ടി കേഡറുകളെ വളർത്തുന്ന രീതിയോട് യോജിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാനമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന പേഴ്സണൽ സ്റ്റാഫ് നിയമനം നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ വിമർശിച്ചു.

ഗവർണറുടെ പേഴ്സണൽ സ്റ്റോഫായി ഹരി എസ്. കർത്തയുടെ നിയമനം വന്നതിനെതിരേ കഴിഞ്ഞ ദിവസമാണ് സർക്കാർ അതൃപ്തി അറിയിച്ചത്. ഗവർണറുടെ താത്പര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയത്. ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രിയുടെ വിയോജിപ്പോടെയാണ്.
ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റോഫ് നിയമനത്തിനെതിരേ ഗവർണറും കടുത്ത വിമർശനം ഉന്നയിച്ചത്.

ഗവര്‍ണറുടെ അഡിഷണല്‍ പി എ ആയി നിയമിതനായഹരി എസ് കര്‍ത്ത പ്രശസ്തനായ പത്രപ്രവര്‍ത്തകനാണ്.
ജന്മഭൂമി ചീഫ് എഡിറ്ററായും ഇക്കണോമിക്സ് ടൈംസിന്റെ കേരളത്തിലെ കറസ്പോണ്ടാന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോഴെല്ലാം മീഡിയ സെല്‍ കണ്‍വീനറായിരുന്നു. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്.

Back to top button
error: