അമ്പലമുക്കിൽ ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ ഉന്നത വിദ്യാഭ്യാസം നേടിയെടുത്തുവെങ്കിലും കുപ്രസിദ്ധി നേടിയത് കൊലപാതക കേസുകളിൽ.
രാജേന്ദ്രനെതിരേ തമിഴ്നാട്ടിൽ മാത്രം നാലു കൊലപാതക കേസുകളാണ് ഉള്ളത്. തമിഴ്നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിൽ വന്ന പ്രതി മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുന്നത്.
ദമ്പതിമാരെ കൊന്നത് 2014 ആണ്. അതും ആഭരണങ്ങൾ കൈക്കലാക്കുന്നതിന്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്ന തുക കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമൊന്നും ഇയാൾക്കില്ല. അലഞ്ഞുനടന്നു മോഷണം നടത്തുക, എതിർക്കുന്നവരെ ഉപദ്രവിക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതാണ് ഇയാളുടെ രീതി.
‘മൗനിയായി നിൽക്കുന്ന കൊടും ക്രൂരൻ’ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഏതൊരു വ്യക്തിയോടും വിനയത്തോടുകൂടി സംസാരിക്കും. പക്ഷേ, ചെയ്യുന്ന പ്രവൃത്തി ആരെയും ഭയപ്പെടുത്തും. തമിഴ്നാട്ടിലെ അറിയപ്പെടുന്ന റൗഡിയാണ് രാജേന്ദ്രൻ. ഒരു മാസം മുമ്പാണ് പേരൂർക്കടയിലെ ഒരു ടീ സ്റ്റാളിൽ ജോലിക്കെത്തുന്നത്.
ഇയാളുടെ പ്ലസ് പോയിന്റ് ആയ വിനയമാണ് കടയുടമയെ ജോലി നൽകാൻ പ്രേരിപ്പിച്ചത്. ഇത്രയും നാളിനിടയ്ക്ക് ഇയാളിൽനിന്നു മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ സാക്ഷ്യം. 10 ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരെണ്ണത്തിന് ഉത്തരം പറഞ്ഞാലായി. ഇതു പോലീസ് സംഘത്തെ ഏറെ വിഷമിപ്പിച്ചു.
അതുകൊണ്ടുതന്നെ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിയാൻ സാധിച്ചത്.