വീടിന്റെ ആഢംബര നികുതി നിർണ്ണയിക്കാൻ വന്നഡെപ്യൂട്ടി തഹസിൽദാറെയും സംഘത്തെയും പുലഭ്യം പറയുകയും തടഞ്ഞു വയ്ക്കുകയും ചെയ്തു, വീട്ടുടമ അറസ്റ്റിൽ
ആഢംബര നികുതി നിർണ്ണയത്തിനു മുന്നോടിയായുള്ള വിസ്തീർണ്ണത്തിന്റെ കൃത്യത പരിശോധിക്കാനാണ് ഡെപ്യൂട്ടി തഹസീൽദാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സഞ്ജുദാസിൻ്റെ വീട്ടിൽ എത്തിയത്. ആക്രോശിച്ചുക്കൊണ്ടെത്തിയ വീട്ടുടമ ഇവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്
തൃശൂർ: വീടിന്റെ ആഢംബര നികുതി നിർണ്ണയിക്കാനാണ് ഡെപ്യൂട്ടി തഹസീൽദാറും, വില്ലേജ് ഓഫീസറും അടങ്ങിയ സംഘം അടാട്ട് എത്തിയത്. പക്ഷേ രോഷാകുലനായ വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥർ വന്ന വാഹനത്തെ തടഞ്ഞിടുകയും ചെയ്തു. സംഭവത്തിൽ വീട്ടുടമസ്ഥനും ‘സാൻറോയൽ’ ബിൽഡേഴ്സ് ഉടമയും തിരുവനന്തപുരം പേരൂർക്കട സ്വദേശിയും ഇപ്പോൾ അടാട്ട് കൊല്ലാറ റോഡിൽ താമസിക്കുന്ന രോഹിണി ഭവനിൽ നാരായണദാസ് മകൻ സഞ്ജുദാസിനെ(39) പേരാമംഗലം എസ്.ഐ. അനുദാസ്.കെ അറസ്റ്റ് ചെയ്തു.
തൃശ്ശൂർ തഹസിൽദാറുടെ നിർദ്ദേശപ്രകാരമാണ് ഒരു ഡെപ്യൂട്ടി തഹസിൽദാറും അടാട്ട് വില്ലേജ് ഓഫീസറും, മറ്റ് ഉദ്യോഗസ്ഥരും കൂടി സഞ്ജു ദാസിന്റെ വീട്ടിൽ ആഢംബര നികുതി നിർണ്ണയത്തിനു മുന്നോടിയായുള്ള വിസ്തീർണ്ണത്തിന്റെ കൃത്യത പരിശോധിക്കാനുള്ള അളവെടുപ്പിനായി എത്തിയത്. അളവെടുപ്പ് നടക്കുന്നതിനിടെ വീട്ടുടമ ആക്രോശിച്ചുക്കൊണ്ട് ഉദ്യോഗസ്ഥർക്കെതിരെ വരികയും അളവെടുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തു. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ അവർ വന്ന കാറിൽ അവിടെ നിന്നും തിരിച്ചു പോകാൻ തുനിഞ്ഞപ്പോൾ പ്രതി തന്റെ KL 01 CJ 6161 നമ്പർ ബി.എം.ഡബ്ല്യു കാറുകൊണ്ട് അവരുടെ കാറിന്റെ മുന്നിൽ ഇട്ട് തടസ്സം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും, അസഭ്യവർഷം ചൊരിയുകയും ചെയ്തു. പിന്നീട് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തൃശ്ശൂർ തഹസിൽദാറും, പേരാമംഗലം പോലീസും ചേർന്നാണ് ഉദ്യോഗസ്ഥ സംഘത്തെ അവിടെ നിന്നും മോചിപ്പിച്ചത്. പേരാമംഗലം എസ്.എച്ച്. ഒ. അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ. അനുദാസിനെ കൂടാതെ ഗ്രേഡ് എസ്.ഐ. അനൂപ്, സീനിയർ സി.പി.ഒമാരായ സുധീർ, ബിനോയ്, രതിമോൾ, സി.പി. ഒ സാജൻ എന്നിവരുമുണ്ടായിരുന്നു.