ഒരുതുള്ളി ദാഹജലം പോലും ലഭിക്കാതെ 45 മണിക്കൂര്‍, ഒടുവിൽ മരണത്തിൻ്റെ മുനമ്പിൽ നിന്നും ബാബുവിനെ മുകളിലെത്തിച്ച് കരസേനാ സംഘം
പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ 45 മണിക്കൂറോളമായി കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി കുന്നിനു മുകളിലെത്തിച്ച് കരസേനാ സംഘം. ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ തമ്പടിച്ചു. ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങാനുള്ള ദൗത്യം ആരംഭിച്ചത് രാവിലെയാണ്.
കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള, മലകയറ്റത്തില്‍ വിദഗ്ദരായ 20 പേരടങ്ങിയ എന്‍.ഡി.ആര്.എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.
45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര് ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.
ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. സിവില്‍ ഡിഫന്‍സിലെ കണ്ണന് എന്ന ജീവനക്കാരനാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്.
കുന്നിനു താഴെ ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും ബാബുവിനെ കാത്തുനില്‍പ്പുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ ഉടൻ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.
യുവാവിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണു ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു രാത്രികളിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിരുന്നു.
രക്ഷാപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച ബാബുവിന്റെ മാതാവ്, മതിയായ സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ മകൻ സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെന്നും പറഞ്ഞു.