ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം. നാല് തവണ (2000, 2008, 2012, 2018) കിരീടം നേടിയ ഇന്ത്യ ചരിത്രം രചിച്ച് അഞ്ചാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. 24 വർഷത്തെ കാത്തിരിപ്പിനുശേഷം ഫൈനലിൽ പ്രവേശിച്ച ഇംഗ്ലണ്ട് ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
1998ൽ കന്നി ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് അണ്ടർ 19 ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി നാല് തവണ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം എന്ന റിക്കാർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2021 അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിൽ പറന്നിറങ്ങിയത്.