KeralaNEWS

റാന്നിയിലും പരിസരങ്ങളിലും  കാട്ടുപന്നി ശല്യം രൂക്ഷം.

ത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ റാന്നിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വളരെയധികം രൂക്ഷമായിരിക്കയാണ്.കാർഷിക വിളകൾ സംരക്ഷിക്കാനുള്ള കർഷകരുടെ യാതൊരു മാർഗ്ഗവും ഫലം കാണുന്നില്ല.ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടങ്ങൾ തന്നെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഉണ്ടെങ്കിലും തോക്ക് ലൈസൻസ് ഉള്ള പ്രദേശവാസികൾ ഇല്ലാത്തത് സർക്കാരിനും തലവേദന ആകുകയാണ്.
  റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം.അതിനാൽത്തന്നെ ടാപ്പിംഗ് നടത്തുവാനോ പരിസരപ്രദേശങ്ങളിൽ മറ്റെന്തെങ്കിലും കൃഷികൾ ഇറക്കുവാനോ സാധിക്കുന്നില്ല.രാത്രികാലങ്ങളിൽ റബർത്തോട്ടങ്ങളിൽ നിന്നും കൂട്ടത്തോടെ എത്തി സമീപ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിച്ച് ഇവ നേരം വെളുക്കുന്നതോടെ മടങ്ങും.പലരും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്.അങ്ങനെയുള്ളവർ തങ്ങളുടെ വിളകൾ സംരക്ഷിക്കാനോ തുടർന്നും കൃഷിയിറക്കാനോ ആവാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്.രാത്രിയിൽ തങ്ങളുടെ കൃഷിയിടങ്ങളിൽ കാവൽ കിടക്കുന്നവർപോലും കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നു.അതുപോലെ പുലർച്ചെ ജോലിക്കു പോകേണ്ടവർ,പാൽ-പത്ര വിതരണക്കാർ.. തുടങ്ങിയവരും കാട്ടുപന്നിയുടെ ആക്രമണത്തിന്  ഇരയാകുന്നുണ്ട്.കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണം സംഭവിച്ചവർ
പോലും ധാരാളം.കപ്പ,കാച്ചിൽ, ചേമ്പ്,വാഴ.. തുടങ്ങി കണ്ണിൽ കണ്ട കൃഷികളെല്ലാം നശിപ്പിച്ചാണ് ഇവറ്റകളുടെ മടക്കം.
 പൂവൻമല,മുക്കുഴി, ഉന്നക്കാവ്, ചെമ്പൻമുഖം,നെല്ലിക്കമൺ,സ്നേഹപുരം, കരിയംപ്ലാവ്,ഏഴോലി,തൃക്കോമല,മണ്ണാരത്തറ,വലിയകാവ്,
ഇടമൺ,ഇടമുറി,വെച്ചൂച്ചിറ,അത്തിക്ക
ക്കയം,കുടമുരുട്ടി,ചണ്ണ, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി,വയ്യാറ്റുപുഴ.. തുടങ്ങിയ
പ്രദേശങ്ങളിലെല്ലാം തന്നെ കാട്ടുപന്നി ശല്യം വളരെയധികം രൂക്ഷമായിരിക്കുകയാണ്.
 കൃഷിനാശം സംഭവിച്ച കർഷകർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാട്ടുപന്നികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലതവണ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്  നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്നും ആക്ഷേപമുണ്ട്.
  റാന്നി വനം വകുപ്പ് ഓഫീസിൽ കൃഷി നശിച്ചവരുടെയും കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവരുടെയും പരാതികൾ കെട്ടിക്കിടക്കുകയാണ്.കാട്ടുപന്നി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പോലും ഇതുവരെ  നഷ്ടപരിഹാരം
നൽകിയിട്ടില്ല എന്നും നാട്ടുകാർ പറയുന്നു.

Back to top button
error: