KeralaNEWS

ആംബുലൻസിന്റെ ഉപയോഗം വേറെയാണ്; മോട്ടോർ വാഹന വകുപ്പ് നടപടിയിലേക്ക്

വിവാഹാനന്തരം യാത്ര ചെയ്യാൻ വധൂ വരൻമാർ ആംബുലൻസ് ഉപയോഗിച്ച സംഭവത്തിൽ വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ്. എംവിഡിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവരം പങ്ക് വച്ചിരിക്കുന്നത്.
വിവാഹത്തിന് ആംബുലൻസ് ഉപയോഗിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വാഹനം മോട്ടർവാഹന വകുപ്പു കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ ദിവസം അടൂരിനടുത്ത് കറ്റാനത്തു നടന്ന വിവാഹത്തിനു ശേഷം കായംകുളം – പുനലൂർ (കെപി) റോഡിലൂടെയാണ് വധൂ വരൻമാർ ആംബുലൻസിൽ യാത്ര ചെയ്തത്.
നവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലൻസ് കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.തുടർന്ന് വിഡിയോ ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മിഷണർ നടപടിക്കു നിർദേശം നൽകുകയായിരുന്നു.
കറ്റാനം വെട്ടിക്കോട് മനു വർഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആർടിഒ ജി.എസ്.സജി പ്രസാദ് നോട്ടിസ് നൽകി. റജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കാതിരിക്കാൻ ഉടമയ്ക്കും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഡ്രൈവർക്കും കാരണം കാണിക്കൽ നോട്ടിസും നൽകി. കൂട്ടത്തിലുള്ള ആംബുലൻസ് ഡ്രൈവറുടെ വിവാഹ ആവശ്യത്തിനാണ് ആംബുലൻസ് ഉപയോഗിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.
മോട്ടർവാഹന വകുപ്പിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഓരോ വാഹനങ്ങൾക്കും ഓരോ ഉപയോഗവും, ഉദ്ദേശ്യവുമാണുള്ളത്. അതിന് മാത്രം അവ ഉപയോഗിക്കുക.
കഴിഞ്ഞ ദിവസം കായംകുളം കറ്റാനത്ത് വിവാഹ ശേഷം വധൂവരന്മാർ വീട്ടിൽ എത്തിയത് ആംബുലൻസിൽ ആണെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസ് ഡ്രൈവർ കൂടിയായ വരനും വധുവും  വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഇതിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം അനുസരിച്ച് ആലപ്പുഴ ആർടിഒ സജി പ്രസാദ് , വാഹനത്തിന്റെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

Back to top button
error: