യൂക്കാലിപ്റ്റസിന്റെയും ചുവന്ന പൂക്കളുടെയും മണം, ഓറഞ്ചിന്റെയും ചോക്ലേറ്റിന്റെയും
പൊടി പറത്തിയോടുന്ന വണ്ടികൾ, ചുവന്ന ചേലചുറ്റി തിരുവാമത്തൂരിലേക്ക് തീർത്ഥയാത്ര പോവുന്ന തമിഴ് മങ്കമാർ,പന നൊങ്കും ചോളം പുഴുങ്ങിയതും വിൽക്കുന്ന പെട്ടിക്കടക്കാർ. ആദ്യകാഴ്ചയിൽ ഈ തമിഴ് നഗരത്തിന് യാതൊരു മാറ്റവുമില്ല. തെരുവിന്റെ ഏതൊക്കെയോ മൂലകളിൽനിന്ന് യൂക്കാലിപ്സിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറുന്നുണ്ട്. അലഞ്ഞുതിരിയുന്ന കുതിരകളും പശുക്കളും. അവയ്ക്കിടയിലൂടെ, തണുപ്പിന്റെ ചിറകിലേറി നടന്നു. ഇടയ്ക്ക് ഒരു തണുത്ത കാറ്റ് വന്ന് ചൂളം കുത്തിപ്പോയി.
ഹോംമെയ്ഡ് ചോക്ലേറ്റുകളുടെയും ഹോട്ടലുകളുടെയും ബോർഡുകളാണ് ചുറ്റിലും.ഇടയ്ക്ക് നൊസ്റ്റാൾജിയ വന്നൊന്ന് പാളിനോക്കി.’എവിടെ നമ്മുടെ സിനിമകളിൽ നിറഞ്ഞുനിന്ന ഊട്ടി’. പണിതീരാത്ത വീടിൽ സുപ്രഭാതം പാടി പ്രേംനസീർ നടന്ന വീഥികൾ, കിലുക്കത്തിലും സമ്മർ ഇൻ ബെത്ലഹേമിലും പ്രത്യക്ഷപ്പെട്ട മഞ്ഞിൻ പുതപ്പുകൾ. കോൺക്രീറ്റ് കാടുകളാണ് ചുറ്റും. ഒന്നുരണ്ട് ഫർലോങ്ങ് പിന്നിട്ടപ്പോഴേക്കും മനസ്സിൽ കെട്ടിപ്പൊക്കിയ മായക്കൊട്ടാരത്തിന്റെ ആദ്യനില ഇടിഞ്ഞുപൊളിഞ്ഞുവീണു. ഈ നാടും മാറിയിരിക്കുന്നു. പച്ചപ്പുകളെ വിട്ട് പണത്തിന്റെ പിന്നാലെ ഊട്ടിയും ഓടിത്തുടങ്ങിയിരിക്കുന്നു; പൈതൃക തീവണ്ടിയേപ്പോലെ കിതച്ചു കിതച്ചാണെങ്കിലും !
പെട്ടെന്ന് എവിടെ നിന്നോ ‘പൊരിച്ച കോയീന്റെ’ മണം. ഹോട്ടൽ വെൽബക്കിലെ ചിക്കൻ ചെട്ടിനാടിനു മുന്നിൽ തല വെച്ചുകൊടുത്തു. പൊതിനയുടെയും കറിവേപ്പിലയുടെയും തനത് ഗന്ധം. മസാലക്കൂട്ടിന്റെ ഊട്ടി സ്റ്റൈൽ. അകമ്പടിയായി സാമ്പാർ,രസം, പൊരിയൽ. നാല് വിഭവങ്ങളുടെ കൂടെ ഊണ് കുശാൽ. പക്ഷേ ബില്ല് വന്നപ്പോൾ ഊട്ടിയിൽ വന്ന് പോട്ടി(വഴക്ക്) പിടിക്കേണ്ട അവസ്ഥ !
ഉള്ളിലെ ‘ടെൻഷൻ’ മാറ്റാൻ നേരെ മാർക്കറ്റ് റോഡിലേക്ക് വിട്ടു. എങ്ങും ഊട്ടി കാണാനെത്തിയവരുടെ ബഹളം.അഴകുള്ള കാരറ്റും കാബേജും കോളിഫ്ലവറും. എല്ലാം ഊട്ടിയുടെ മണ്ണിൽ വിളഞ്ഞവ. യൂറോപ്യൻ പഴങ്ങൾ പോലും ഈ തണുപ്പിന്റെ കൊട്ടാരത്തിൽ ജനിക്കുന്നുണ്ട്. വാൽനട്ട്,ദുരിയൻ,പ്ലം തുടങ്ങി കാണാൻ തന്നെ രസമുള്ള പഴങ്ങളുടെ നിര. ഇടയിലെവിടെയോ നിന്ന് ഒരു മലയാളി മണം.അതിന്റെ ഉറവിടം തേടി എത്തിയത് നമ്മുടെ നാടൻ ചക്കയുടെ മുന്നിൽ. മൂത്ത് പഴുത്ത് സ്വർണനിറമുള്ള ചുളകൾ കാട്ടി സുന്ദരൻ ചിരിക്കുന്നു. മുനിയാണ്ടിയെന്ന കച്ചവടക്കാരൻ ചക്കച്ചുളകൾ ചൂഴ്ന്നെടുത്ത് വെച്ചു. കിലോ 120 രൂപ. ചുറ്റിലും നിൽക്കുന്ന ചക്കക്കൊതിയൻമാർ തിരക്കിലാണ്. അവർ കടിച്ചുവലിച്ച് തുടച്ച്… കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി… ചൂടപ്പം പോലെ വിറ്റ് തീരുന്നു ചക്ക ഇവിടെ.എല്ലാം കേരളത്തിൽ നിന്നും അഞ്ചും പത്തും കൊടുത്തു വാങ്ങിക്കൊണ്ടു വരുന്നവ.
ഇടയ്ക്ക് ബേക്കറിയിലേക്ക് കണ്ണൊന്ന് പാളി. അകത്തുനിറയെ മധുരവുമായി ചില്ലുകൂട്ടിൽ ബർക്കി ഞെളിഞ്ഞിരിപ്പുണ്ട്. ഊട്ടിയിലെ സാധാരണക്കാരുടെയും പണക്കാരുടെയുമെല്ലാം പലഹാരം. തണുത്ത രാവിൽ ബർക്കിയും നല്ലൊരു കട്ടൻകാപ്പിയും.ഊട്ടിക്കാരന്റെ ശീലമാണത്.
കിതച്ചും ഇരമ്പിയും പോവുന്ന ഒരു ട്രെയിനിന്റെ ശബ്ദം.ഉദകമണ്ഡലം റെയിൽവേ സ്റ്റേഷനിൽനിന്ന് പൈതൃക വണ്ടി (ഹെറിറ്റേജ് ട്രെയിൻ)പുറപ്പെടാൻ സമയമാവുന്നു. നമ്മുടെ എത്രയോ സിനിമകളിൽ ഈ വണ്ടി കൂവിപ്പാഞ്ഞിട്ടുണ്ട്. ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയം വരെ തുരങ്കങ്ങളും മലകളും കടന്ന് ഒരു സ്വപ്ന സഞ്ചാരം.മടിച്ചു നിന്നില്ല, പച്ചച്ചായമടിച്ച സ്റ്റേഷൻ കെട്ടിടത്തിലേക്ക് വെച്ചുപിടിച്ചു. കളിവണ്ടിയിൽ കയറാൻ സഞ്ചാരികളുടെ തിരക്കാണ്. ടിക്കറ്റ് കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി. കറക്ട് സമയത്ത് ടിക്കറ്റ് തീർന്നു. കല്യാണസദ്യക്ക് ക്യൂനിന്നിട്ട് അകത്തുകേറും മുന്നേ ഗേറ്റടച്ച പോലെയായി. ട്രെയിനിൽ കയറിപ്പറ്റിയ ഭാഗ്യവാൻമാരെ, ശുഭയാത്ര !