ആലപ്പുഴ പുന്നപ്ര സ്വദേശിക്ക് സൗദിയിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റി, ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിടെ മരണം
ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ആശുപത്രിയിൽ വിശ്രമിക്കുകയായിരുന്ന മലയാളി ശരീഫ് സഹീദ് മരിച്ചു. ബുറൈദയിൽ 20 വർഷത്തോളമായി വ്യാപാരിയാണ്. സാമൂഹിക സേവനപ്രവർത്തകൻ കൂടിയായ സഹീദ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ പുന്നപ്ര പള്ളിവേളി സ്വദേശി അൽ-ഷറഫിയയിൽ ശരീഫ് സഹീദ് (47) ആണ് സൗദി വടക്കൻ പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്.
ശ്വാസംമുട്ടലുണ്ടായതിനെ തുടർന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ അദ്ദേഹം ആദ്യം ചികിത്സ തേടിയത്. ഹൃദയമിടിപ്പിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.
അതിന് ശേഷം ആശുപത്രി വാർഡിൽ വിശ്രമിക്കുമ്പോഴായിരുന്നു മരണം. 20 വർഷത്തോളമായി ബുറൈദയിൽ വ്യാപാരിയാണ്. സാമൂഹിക സേവനപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് – സഹീദ്, മാതാവ് – ഫാത്തിമ ബീവി, ഭാര്യ – സിത്താര, മക്കൾ – ഫിദ, ഫറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.