NEWS

പ്രണയം നടിച്ച് 30 ലക്ഷവും സ്വർണവും കാമുകൻ കൈക്കലാക്കി, കുഞ്ഞിനെ തട്ടിയെടുത്തത് അയാളെ ബ്ലാക്ക് മെയിൽ ചെയ്യാനാണെന്ന് പ്രതി നീതു

ഭർത്താവ് വിദേശത്ത്, ആവശ്യത്തിലേറെ പണം. ഏകാന്തജീവിതം… അങ്ങനെയാണ് അനുരാജ് എന്ന 33കാരി മറ്റൊരു പുരുഷനെ കണ്ടെത്തിയത്. ഒടുവിൽ കാര്യം സാധിച്ച ശേഷം കാശും സ്വർണവും കബളിപ്പിച്ചെടുത്ത് കാമുകൻ കാലുമാറി. ഇബ്രാഹിം ബാദുഷ എന്ന കള്ളക്കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാൻ നീതു ചെയ്തത് ഒരു സ്ത്രീയും ചെയ്യാത്ത അസാധാരണമായ കാര്യങ്ങളാണ്

കോട്ടയം: തന്റെ സ്വര്‍ണവും പണവും കൈക്കലാക്കി വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാമുകൻ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നവജാതശിശുവിനെ തട്ടിയെടുത്തതെന്ന് പ്രതി നീതു പൊലീസിനോടു പറഞ്ഞു.
കുട്ടിയെ കാണിച്ച് താൻ പ്രസവിച്ച കുഞ്ഞാണെന്നു വിശ്വസിപ്പിച്ച്, വിവാഹം മുടക്കുകയും പണവും സ്വര്‍ണവും തിരികെ വാങ്ങുകയുമായിരുന്നു ലക്ഷ്യം.

Signature-ad

ഇബ്രാഹിം ബാദുഷയോടൊപ്പം ഒരു ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിലാണ് നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടു പേരും ചേർന്നു പുതിയൊരു സ്ഥാപനം തുടങ്ങി.
നീതു പതിവായി ബാദുഷയുടെ വീട്ടിൽ വന്നിരുന്നതായും അയൽവാസികൾ
പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും അന്വേഷണത്തിൽ പൊലീസിനു ബോധ്യമായി.
ഇബ്രാഹിം ബാദുഷയും നീതു രാജും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. അതിനിടെ നീതു ഗർഭിണിയായി. പിന്നീടു ഗർഭം അലസിപോയെങ്കിലും ഇത് ബാദുഷ അറിയിച്ചില്ല. ഇതിനിടെ നീതുവിന്റെ 30 ലക്ഷം രൂപയും സ്വർണവും ബാദുഷ കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു.
സ്വർണവും പണവും കിട്ടിയതോടെ ഇയാൾ മറ്റൊരു വിവാഹത്തിനു തയാറെടുത്തു.
ബാദുഷയിൽനിന്നു പണവും സ്വർണവും തിരികെ വാങ്ങാനും വിവാഹം മുടക്കാനും വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു ഒടുവിൽ വെളിപ്പെടുത്തി.
ഗർഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാൽ ഒരു കുട്ടിയെ തട്ടിയെടുത്ത് അതു തന്റെ കുഞ്ഞാണെന്നു കാട്ടി ബ്ലാക്മെയിൽ ചെയ്യാനാണ് നീതു ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.
നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കളമശേരിയിൽനിന്ന് ഇബ്രാഹിം ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നീതുവിന്റെ ഭർത്താവ് ഇപ്പോൾ വിദേശത്താണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് ഇപ്പോൾ നീതുവിനൊപ്പമുള്ള എട്ടു വയസ്സുകാരനെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ ഉച്ച കഴിഞ്ഞു 2.45നാണ് സംഭവം. നഴ്സിന്റെ വേഷത്തിൽ എത്തിയാണ് നീതു രാജ്, വണ്ടിപ്പെരിയാർ 66–ാം മൈൽ വലിയതറയിൽ എസ്. ശ്രീജിത്തിന്റെയും അശ്വതിയുടെയും രണ്ട് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മോഷ്ടിച്ചത്.
ശ്രീജിത്ത് പുറത്തേയ്ക്കു പോയപ്പോൾ നഴ്സിന്റെ വേഷത്തിൽ നീതു വാ‍ർഡിലെത്തി അശ്വതിയെ സമീച്ചു. കുഞ്ഞിന് മഞ്ഞനിറമുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞ് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയി.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെയാണു മോഷണമാണെന്നു മനസ്സിലായത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപത്തെ ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണു പിടിയിലായത്.

പതിനൊന്നു വര്‍ഷം മുന്‍പ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആര്‍.രാജ് (33) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തിയത് രണ്ടു ദിവസം മുന്‍പാണെന്നു പൊലീസ് കണ്ടെത്തി.

തിരുവല്ല സ്വദേശിയുമായി 11 വര്‍ഷം മുന്‍പായിരുന്നു നീതുവിന്റെ വിവാഹം. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇടയ്ക്കു അവധിക്ക് നാട്ടിലെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് വിദേശത്താണ്. തിരുവല്ല സ്വദേശിയാണെങ്കിലും നീതു ഇപ്പോൾ കളമശേരിയിലാണ് താമസം.

ഇബ്രാഹിം ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക് ടോക്കിലൂടെയാണത്രേ. വിവാഹമോചിതയെന്നാണ് നീതു പറഞ്ഞിരുന്നത്. ബാദുഷയുടെ വീട്ടുകാര്‍ക്കും നീതുവിനെ അറിയാം. നീതു ഗര്‍ഭിണിയായ വിവരം ബാദുഷയും നീതുവിൻ്റെ ഭര്‍ത്താവും അറിഞ്ഞിരുന്നു. ഗര്‍ഭം അലസിപ്പോയ കാര്യം പക്ഷേ ബാദുഷയെ അറിയിച്ചില്ല. ഭര്‍ത്താവിനോട് നീതു ഇക്കാര്യം പറഞ്ഞിരുന്നു. ബന്ധത്തില്‍നിന്ന് ഇബ്രാഹീം ബാദുഷ പിന്‍മാറുമെന്ന് നീതു ഭയപ്പെട്ടിരുന്നു.
കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ കുട്ടിയെ ആവശ്യമായി വന്നതോടെ പലരോടും കുട്ടിയ്ക്കായി താന്‍ വിലപേശിയിരുന്നു എന്ന് നീതു പറയുന്നു. എന്നാല്‍, കുട്ടിയെ ലഭിച്ചില്ല. ഇതേ തുടര്‍ന്നാണത്രേ കുട്ടിയെ മോഷ്ടിക്കാന്‍ തീരുമാനിച്ചത്.

ഗൈനക്കോളജി വാര്‍ഡിൽ തനിയെ ചെന്ന് കുട്ടിയെ മോഷ്ടിക്കാനാണ് പ്ലാനിട്ടത്. ഇതിനായി മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നഴ്‌സിന്റെ ഗൗണ്‍ വാങ്ങി. ഈ ഗൗണ്‍ ധരിച്ച്‌ നഴ്‌സിംങ് അസിസ്റ്റന്റ് എന്ന മട്ടിലാണ് ഇവര്‍ ഗൈനക്കോളജി വാര്‍ഡില്‍ കയറിയത്.
ആര്‍ക്കും സംശയം നല്‍കാതെയാണ് പെറ്റമ്മയുടെ കയ്യില്‍ നിന്നും രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ നീതു കൈക്കലാക്കിയത്. എന്നാല്‍, ക്ലൈമാക്സ് പിഴിച്ചു പോയി.
തട്ടിയെടുത്ത കുഞ്ഞുമായി, താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയ നീതു ടാക്സിയിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പിടിയിലായത്.
കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിൽ വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുട‍ർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്ര എന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു. തുട‍ർന്ന് അലക്സ് ഹോട്ടൽ മാനേജരേയും മാനേജർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: