ട്രെയിനിൽ കംമ്പാർട്ട്മെന്റ് മാറി കയറിയതിന്റെ പേരിൽ യാത്രക്കാരനെ അടിച്ചു താഴെയിട്ടു ചവിട്ടി വെളിയിൽ തള്ളി പോലീസ് ക്രൂരത. ഞായറാഴ്ച രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിലാണ് സംഭവം.
റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടിലേഷനിൽ നിയോഗിച്ച കേരള പോലീസിലെ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മുഖത്തടിച്ചു നിലത്തു വീഴിക്കുകയും തുടർന്നു നെഞ്ചിൽ ചവിട്ടി വെളിയിൽ തള്ളുകയും ചെയ്തത്.
ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റായിരുന്നു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്നു കരുതുന്നു. എന്നാൽ, ഇയാൾ സ്ലീപ്പർ ക്ലാസിൽ മാറി കയറുകയായിരുന്നു. ഈ സമയം ടിക്കറ്റ് പരിശോധനയ്ക്കെത്തിയ എഎസ്ഐ പ്രമോദും സിപിഒ രാഗേഷും യാത്രക്കാരനോടു ടിക്കറ്റ് ആവശ്യപ്പെട്ടു.
ഇയാൾ പേഴ്സിൽനിന്നു ടിക്കറ്റ് പരതുന്നതിനിടെ പ്രകോപിതനായ എസ്എസ്ഐ ഇയാളുടെ കോളറിൽ പിടിച്ചു വലിക്കുകയും മുഖത്ത് അടിച്ചു നിലത്തുവീഴ്ത്തുകയും ചെയ്തു. നിലത്തു വീണ് കിടന്ന യാത്രക്കാരന്റെ നെഞ്ചിൽ എഎസ്ഐ പ്രമോദ് ഷൂസിട്ട് ചവിട്ടി പുറത്തേക്കു തള്ളുകയും ചെയ്തു. തുടർന്ന് രാത്രിയിൽ ഇയാളെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് ഇതു പകർത്തിയത്. എന്നാൽ മദ്യപിച്ചു ട്രെയിനിൽ കയറിയ ആളെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്എസ്ഐയുടെ പ്രതികരണം.