കോഴി വസന്തക്കുള്ള കുത്തിവെപ്പ്
കോഴിവസന്തയ്ക്ക് കാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കാൻ പ്രതിരോധ കുത്തിവെപ്പുകൾ തന്നെയാണ് നല്ലത്. രണ്ടുതരം വാക്സിനുകൾ മൂന്നു തവണ നൽകുകയാണ് പതിവ്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി നാലുമുതൽ ഏഴുവരെ ദിവസത്തിനകം വാക്സിൻ നൽകുക. ഇതിന് ആഡിഎഫ് എന്ന വാക്സിൻ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ ഇംഗ്ലീഷ് മരുന്നു കടകളിലും ലഭ്യമാകും.
ഈ മരുന്ന് 10 മില്ലിലിറ്റർ നോർമൽ സലൈൻ ലായിനിൽ ചേർത്ത് നേർപ്പിച്ച് ഒരു തുള്ളി കണ്ണിലും ഒരു തുള്ളി മൂക്കിലും ഇറ്റിച്ച് കൊടുത്താൽ മതി. ഒരു കുപ്പിയിലെ മരുന്ന് 100 കോഴികുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാം.
രണ്ടാമത്തെ ഡോസ് 8 ആഴ്ച പ്രായത്തിൽ ആണ് നൽകുന്നത്. ഇതിന് ആർ ഡി കെ വാക്സിൻ ഉപയോഗിക്കാവുന്നതാണ്. ഇത് 100 മില്ലി ലിറ്റർ നോർമൽ സലൈൻ(കടകളിൽ ലഭ്യമാകും) ലായനിയിൽ ചേർത്ത് നേർപ്പിച്ച് 0.5 ലിറ്റർ വീതം ഓരോ കോഴിയുടെയും ചിറകിനടിയിൽ തൊലിക്കുള്ളിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തി വച്ചാൽ മതി. കുത്തി വെച്ചതിനുശേഷം അവിടെ തടിച്ചു വരും. ഒരു കുപ്പി മരുന്ന് 200 കോഴിക്കുഞ്ഞുങ്ങൾക്ക് നൽകാം.
മൂന്നാമത്തെ കുത്തിവെപ്പ് 16-18 ആഴ്ച പ്രായത്തിൽ നൽകണം. എട്ടാഴ്ച പ്രായത്തിൽ നൽകിയ അതേ മരുന്ന് അതേ രീതിയിലും അളവിലും അതേ സ്ഥലത്ത് കുത്തിവെക്കണം. ഇതോടെ കോഴികൾക്ക് നൽകുന്ന കോഴിവസന്ത ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ പൂർണമാകും.
ഒരു കൂട്ടത്തിലെ എല്ലാ കോഴികൾക്കും ഒരേസമയം കുത്തിവെപ്പ് നൽകണം. ആരോഗ്യമുള്ള കോഴികളിൽ മാത്രമേ പ്രതിരോധകുത്തിവെപ്പുകൾ നടത്താവൂ. സിറിഞ്ച് കുത്തിവെപ്പിന് മുൻപും ശേഷവും പൂർണമായും അണുവിമുക്തം ആക്കണം. വാക്സിനുകൾ സൂക്ഷിക്കുന്ന താപനില 10 ഡിഗ്രിക്ക് മുകളിൽ ആകരുത്.