KeralaNEWS

സൈക്കിൾ മോഷ്ടാക്കൾ കൊണ്ടുപോയി; പുതിയത് വാങ്ങി നൽകി പോലീസ്

ചാത്തോടം സ്വദേശി 14 വയസുകാരന്‍ മുഹമ്മദിന് തന്‍റെ സൈക്കിള്‍ വെറുമൊരു വാഹനമായിരുന്നില്ല.ഓറഞ്ചും കറുപ്പും നിറങ്ങള്‍ ഇടകലര്‍ന്ന ആ മനോഹര സൈക്കിൾ അവൻ ഏറെ മോഹിച്ച് വാങ്ങിയതാണ്.അല്ലെങ്കിൽ തന്റെ കഷ്ടതകള്‍ക്കിടയിലും മകന്‍റെ ആഗ്രഹത്തിന് ഒപ്പം നിന്ന് ഉമ്മ വായ്പയെടുത്ത് വാങ്ങി നല്‍കിയത്.
രണ്ടാഴ്ച മുൻപാണ്  ധര്‍മ്മടം ചാത്തോടം പുത്തന്‍ചിറ വീട്ടിലെ മുഹമ്മദിന്‍റെ സൈക്കിള്‍ വീട്ടില്‍ നിന്നു മോഷണം പോയത്. സൈക്കിള്‍ മോഷണം പോയതുമുതല്‍ അതീവ ദു:ഖിതനായിരുന്നുവെങ്കിലും മുഹമ്മദ് അത് പോലീസില്‍ അറിയിച്ചില്ല.എന്നാൽ നാടൊട്ടുക്കും സ്വയം അന്വേഷിച്ചു നടന്നു.ഇങ്ങനെ അന്വേഷിച്ച് എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലും മുഹമ്മദ് എത്തി.മുഹമ്മദിന്‍റെ വിഷമം മനസിലാക്കിയ കടയുടമ സംഭവം ധര്‍മ്മടം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
അപ്രതീക്ഷിതമായി ഉപ്പ നഷ്ടപ്പെട്ട മുഹമ്മദിന് താങ്ങും തണലുമായ ഉമ്മ വളരെ കഷ്ടപ്പെട്ട്  വാങ്ങിനല്‍കിയതായിരുന്നു ആ സൈക്കിള്‍.ഇത് മനസ്സിലാക്കിയ പോലീസ് പുതിയൊരു സൈക്കിള്‍ വാങ്ങി നല്‍കുകയായിരുന്നു.പരാതി ലഭിച്ചില്ലെങ്കിലും സൈക്കിള്‍ മോഷണം പോലീസ് അന്വേഷിക്കുന്നുണ്ട്.
ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്പെക്ടര്‍ സുമേഷ്.റ്റി.പി, മുഹമ്മദിന് സൈക്കിള്‍ കൈമാറി. എസ്.ഐ മാരായ ധന്യ കൃഷ്ണന്‍, കെ.ശ്രീജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷിജില.പി എന്നിവരും മുഹമ്മദിന്‍റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: