പൈൻ മരങ്ങൾക്കിടയിലൂടെ കയറ്റം കയറിയും ഇറങ്ങിയുമുള്ള ആ യാത്ര അവസാനിച്ചത് മണാലിയിലായിരുന്നു.യാത്രയിലുടനീളം ബിയാസ് നദി ഒരു വഴികാട്ടിയായി ഒപ്പമുണ്ടായിരുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികൾ എത്തുന്ന ഇടങ്ങളില്‍ ഒന്നാണ് മണാലി.മഞ്ഞായാലും വെയിലായാലും ഇവിടെ എന്നും സഞ്ചാരികളുടെ തിരക്കായിരിക്കും. തണുപ്പുകാലത്ത് പൂർണ്ണമായും മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഇവിടം കാണുവാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്.മഞ്ഞുമൂടിയ പർവതങ്ങളും പൈൻ മരങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.
കുന്നുകളാൽ ചുറ്റപ്പെട്ട മനോഹരമായ പട്ടണമാണ് മണാലി.കുന്നിൻ ചെരുവുകളിൽ പൈൻമരങ്ങൾ നിബിഢമായി വളർന്നുനിൽക്കുന്നു.അതിനിടയിൽ ഒറ്റപ്പെട്ടും താഴ്വരയിൽ സമൃദ്ധമായും വീടുകൾ.ഇവിടുത്തെ ആളുകളുടെ പ്രധാന വരുമാനമാർഗം ടൂറിസവും ആപ്പിൾ, പ്ലം, കിവി, പീർ പോലുള്ള പഴങ്ങളുടെ കൃഷികളും ആണ്.
സമോവറിൽ നിന്നും പുറത്തു വരുമ്പോഴേക്കും തണുത്തുറയുന്ന ചായ ഒറ്റവലിക്ക് കുടിച്ച്, മരവിച്ച
മലകൾക്കപ്പുറത്ത് ഉദിച്ചു വരുന്ന സൂര്യൻ മൂടൽമഞ്ഞിന്റെ പുതപ്പുമാറ്റി കുന്നുകളിൽ പതിഞ്ഞ സ്വർണനിറം തൂവുന്നതു കണ്ടുകൊണ്ട് മെല്ലെ മുന്നോട്ടു നടന്നു.വിളവെടുപ്പ് കഴിഞ്ഞ് ഇല പൊഴിഞ്ഞ ആപ്പിൾ തോട്ടങ്ങൾ മഞ്ഞിന്റെ വരവിനായി കാത്തിരുന്നതുപോലെ തോന്നിച്ചു.
ഇവിടെനിന്ന് 400 മീറ്റർ ദൂരത്തിലാണ് മാൾ റോഡ്. തണുപ്പിന്റെ ആലസ്യവും യാത്രാ ക്ഷീണവും മാറ്റാൻ ഒരു ചെറിയ നടത്തം നല്ലതാണെന്ന് തോന്നി.അതിനാലാണ് നടക്കാമെന്ന് തീരുമാനിച്ചത്.കുതിര വണ്ടിക്കാരും മറ്റും തുറിച്ച് നോക്കുന്നുണ്ട്.സാല… മദ്രാസിൽ ഹേ..അവർ പിറുപിറുക്കുന്നുണ്ട്. സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡ് മുറിച്ചു കടന്ന് കുന്നുകയറി പോകുന്ന ചെറിയ പാതയിലൂടെ മാൾ റോഡിലേക്ക് നടന്നു. കുത്തനെ കയറിപ്പോകുന്ന റോഡിന്റെ വശങ്ങളിലായി തലേ ദിവസം രാത്രി പെയ്ത മഞ്ഞിന്റെ തൂവെള്ള കണങ്ങൾ അങ്ങിങ്ങായി തൂവിക്കിടക്കുന്നു. തണുപ്പ് പതിയെ സിരകളിൽ തൊട്ടു തുടങ്ങി. ഹെയർപിൻ വളവുകളും ചെങ്കുത്തായ കയറ്റങ്ങളും ഇന്നലെ രാത്രിയിലെ ബസ് യാത്ര കഠിനമാക്കിയിരുന്നു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ വലതുവശത്തായി ദേവദാരു മരങ്ങൾ നിറഞ്ഞ വൻവിഹാർ ഗാർഡൻന്റെ ഗേറ്റ് കണ്ടു. റോഡിന് മുന്നിൽ തെല്ലകലെയായി ആൾത്തിരക്കുള്ള മാൾ റോഡ് കാണാം. ഹോട്ടലുകളാൽ സമ്പന്നമാണ് ഇവിടം. എവിടെ നോക്കിയാലും കുന്നിൻ ചെരുവിലേക്ക് തുറന്ന് നിൽക്കുന്ന ബാൽക്കണികളുള്ള ഹോട്ടലുകൾ.
ഹിഡിംബ ദേവി ക്ഷേത്രം അടുത്തുതന്നെയാണ്. മാൾ റോഡിൽ നിന്നും വീണ്ടും മുകളിലേക്ക് പോകുന്ന റോഡിൽ രണ്ട് കിലോമീറ്ററോളം പോയാലാണ് ദേവാരി വന വിഹാർ എന്നറിയപ്പെടുന്ന, ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട ഈ ഗുഹാ ക്ഷേത്രത്തിൽ എത്താനാവുക.മഹാഭാരതത്തിലെ ഭീമന്റെ ഭാര്യ ഹിഡിംബിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.മാൾ റോഡിൽനിന്ന് മുകളിലേക്ക് കയറിപ്പോകുന്തോറും മഞ്ഞിന്റെ കനം കൂടിക്കൂടി വന്നു. ഹിഡിംബ ക്ഷേത്രത്തിന്റെ പരിസരങ്ങളിലായി ചെറു കച്ചവടക്കാർ ധാരാളമായി ഉണ്ട്. കനലിൽ വേവിച്ച ചോളം വിൽക്കുന്നവർക്കും ചായക്കച്ചവടക്കാർക്കും പൊടിപൊടിച്ച കച്ചവടമാണ്.എല്ലിൽ കുത്തുന്ന തണുപ്പിൽ അവയൊക്കെ ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്.
ഹിഡിംബ ക്ഷേത്രവും പരിസരവും മഞ്ഞു പുതച്ച് കിടക്കുകയാണ്. ദേവതയുടെ പ്രതിരൂപമായി ആരാധിച്ചിരുന്ന ഒരു വലിയ പാറക്കല്ലിൽ തീർത്തതാണ് ഈ ക്ഷേത്രം. അവിടം ചുറ്റിക്കണ്ടതിന് ശേഷം നേരെ ഓൾഡ് മണാലിയിലേക്ക്.ഓൾഡ് മണാലിയിലാണ് മനു ക്ഷേത്രം. മഹാ പ്രളയത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിച്ച ശേഷം ഭൂമി ഭരിക്കുന്ന ആദ്യത്തെ രാജാവാണ് മനു എന്നാണ് ഐതിഹ്യം. മനു മുനി ധ്യാനത്തിനായി തിരഞ്ഞെടുത്ത സ്ഥലമാണ് മണാലി. “മനുവിന്റെ വാസ സ്ഥലം” എന്നതിൽ നിന്നാണ് മണാലി എന്നപേര് രൂപം കൊള്ളുന്നത്. കുളു താഴ്വരയുടെ വടക്കേ അറ്റത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. പുരാതന കാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഇവിടം പ്രധാന പങ്കുവഹിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് മണാലിയിൽ വൻതോതിൽ ആപ്പിൾ കൃഷി ആരംഭിക്കുന്നത്. അക്കാലത്തും, പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന കൃഷിയായി മാറി.
മണാലി ടൗണിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓൾഡ് മണാലി.ബിയാസിന്റെ പോഷക നദിയായ മനസ്ലൂ നദിക്ക് കുറുകെയുള്ള ഇരുമ്പു പാലം മുതലാണ് ഓൾഡ് മണാലി ടൗൺ തുടങ്ങുന്നത്.പഴമയുടെ പെരുമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ് എങ്ങും. ആപ്പിളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വൈൻ, വിനാഗിരി മുതലായവ വിൽക്കുന്ന കടകൾ ധാരാളമായി കാണാം.
തീരെ വീതികുറഞ്ഞ കുത്തനെയുള്ള കോൺക്രീറ്റ് റോഡിന്റെ വശങ്ങളിലായി മഞ്ഞിന്റെ കൂമ്പാരം കാണാം.മലകൾക്കിടയിലൂടെ ചുറ്റിയടിച്ച് സമയം പോയതറിഞ്ഞില്ല.മുന്നിൽ സ്വർഗ്ഗത്തിലേക്ക് ഉള്ളതുപോലെ അവസാനിക്കാത്ത റോഡ്. ഇരുട്ട് വീഴുന്നതിനുമുമ്പേ മണാലിയും കുളുവും കടക്കേണ്ടതുണ്ട്.ഇരുട്ട് മാത്രമല്ലല്ലോ തണുപ്പിന്റെ തീവ്രതയും താങ്ങാൻ കഴിയാത്തതാണ്.ഇന്നലത്തെ ഒറ്റ രാത്രിയാത്രകൊണ്ട് അത് ഏറെക്കുറെ മനസ്സിലാക്കി കഴിഞ്ഞിരുന്നു.