
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആകാശത്ത് വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ‘ക്രിസ്തുമസ് ബ്ലാസ്റ്റ്’.ആവേശകരമായ മത്സരത്തിൽ ചെന്നൈയിൻ എഫ്‍സിയെ 3-0 ത്തിന് തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്സ്, പോയിന്റ് പട്ടികയിൽ ഇത്തവണ ഇതാദ്യമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.കഴിഞ്ഞ മത്സരത്തിൽ മുംബൈ എഫ്സിയേയും ഇതേ മാർജിനിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
അർജന്റീനാ സ്ട്രൈക്കർ ഹോർഹെ പെരേര ഡയസ് (9), സഹൽ അബ്ദുൽ സമദ് (38), അഡ്രിയൻ ലൂണ (79) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് 2–0ന് മുന്നിലായിരുന്നു.ഇതോടെ ലീഗിലെ മൂന്നാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് ഏഴു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.






