കണ്ണൂരിൽ 70കാരന്‍ മരിച്ചത് ഭക്ഷണം കഴിക്കാഞ്ഞതു മൂലം, ഭാര്യയും മകളും കുടുങ്ങും
ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിച്ച അബ്ദുൾ റാസിഖ് എന്ന 70കാരൻ്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം മുറിയിൽ നിന്നും കണ്ടെത്തി. പല ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്ന് ഭാര്യയും മകളും പൊലീസിന് മൊഴി നൽകി. മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു
കണ്ണൂർ: ദിവസങ്ങളായി ഭക്ഷണം ലഭിക്കാഞ്ഞതു മൂലമാണ് തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ മുറിയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു പൊലീസ്.
ചൊവ്വാഴ്ചയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്ന വീട്ടിൽ നിന്നും, എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ദിവസങ്ങളായി അബ്ദുൾ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്ന് വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും പൊലീസിനോടു സമ്മതിച്ചു. മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്ന് വീട്ടുകാർ പറഞ്ഞു. അസുഖബാധിതനായിരുന്നുവത്രേ. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാര്യമായ അസുഖങ്ങളൊന്നും ഇയാൾക്കില്ലെന്ന് വ്യക്തമായി.
ഭാര്യയെയും മകളെയും ചോദ്യം വീണ്ടും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ഉൾപെടുത്തണോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.