കൊച്ചി: അറ്റകുറ്റപ്പണികൾക്കു മുന്നോടിയായുള്ള സമഗ്രമ പരിശോധനയുടെ ഭാഗമായി എംസി റോഡിലെ കാലടി ശ്രീശങ്കര പാലം താൽക്കാലികമായി അടച്ചു.ഇതോടെ എംസി റോഡിൽ കാലടി വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കയാണ്.ഈ മാസം 18 വരെയാണ് ഗതാഗതം നിരോധനം.
ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുന്നതിനാൽ വാഹനങ്ങൾക്കു പോകാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അങ്കമാലി പെരുമ്പാവൂർ റൂട്ടിലുള്ള ബസുകൾ പാലത്തിന്റെ ഇരുവശത്തുമായി സർവീസ് അവസാനിപ്പിക്കുകയാണ്.പാലത്തിലൂ ടെ കാൽനട യാത്രയ്ക്കും നിരോധനമുണ്ട്.
അങ്കമാലിയിൽ നിന്നു മൂവാറ്റുപുഴ ഭാഗത്തേയ്ക്കു പോകേണ്ടവർക്ക് എംസി റോഡിലേയ്ക്കു കയറാതെ ദേശീയ പാതയിലൂടെ ആലുവ ടൗണിലെത്തി കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര ചെയ്യാം.അങ്കമാലിയിൽ നിന്നു കാലടി റോഡിലേയ്ക്കു തിരിഞ്ഞവർക്ക് കാലടിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു മലയാറ്റൂരിലെത്തി മലയാറ്റൂർ – കോടനാട് പാലം വഴി കയറി വലത്തോട്ടു തിരിഞ്ഞ് കാലടി – പെരുമ്പാവൂർ റോഡിലെ വല്ലത്ത് എത്തി യാത്ര ചെയ്യാം.മൂവാറ്റുപുഴയിൽ നിന്നു തൃശൂരിലേയ്ക്കുള്ളവർക്ക് ഈ രണ്ടു വഴികളിലൂടെയും യാത്ര ചെയ്യാം.
മൂവാറ്റുപുഴ ഭാഗത്തു നിന്നു വിമാനത്താവളത്തിൽ പോകേണ്ടവർക്ക് ആലുവ ചുറ്റാതെ പെരുമ്പാവൂരിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് ആലുവ കെഎസ്ആർടിസി റോഡിലൂടെ അഞ്ചു കിലോമീറ്റർ കഴിയുമ്പോൾ മാറമ്പിള്ളിയിൽ നിന്നു വലത്തോട്ടു തിരിഞ്ഞു തിരുവൈരാണികുളം പാലം വഴി ശ്രീമുലനഗരത്തെത്തി അവിടെ നിന്നു ഇടത്തോട്ടു തിരിഞ്ഞു ചൊവ്വര എത്തുമ്പോൾ വലത്തേക്കു തിരിഞ്ഞു നെടുവന്നൂർ – ആവണംകോട് വഴി വിമാനത്താവളത്തിലെത്താം.