ഒരു കുറ്റം തലയിലേൽക്കേണ്ടി വന്നാൽപ്പിന്നെ ജീവിതകാലം മുഴുവൻ അതിൽനിന്ന് മോചനം ഇല്ല എന്നു പറഞ്ഞതുപോലെയാണ് പ്രവാസികളുടെയും കാര്യം.പ്രത്യേകിച്ച് ഗൽഫിലുള്ളവരുടെ.ഒരുതവണ കടൽ കടന്നാൽ അവർ മരുഭൂമിയുടെ സ്വന്തം എന്ന നിലയിലായിരിക്കും ബന്ധുക്കളുടെയും സ്വന്തക്കാരുടെയുമൊക്കെ പിന്നീടുള്ള ഇടപെടലുകൾ.എരിയുന്ന സൂര്യനും പൊരിയുന്ന മണലിനുമിടയിൽ രണ്ടുമൂന്നും വർഷം പണിയെടുത്ത് ഒന്നോരണ്ടോ മാസത്തെ ലീവിനെത്തിയാൽ പിറ്റേദിവസം തുടങ്ങും ചോദ്യം:എന്നാ പോകുന്നത്?
ഇനി മാസാമാസം അയച്ചുകൊടുക്കുന്നതിലോ, നാട്ടിൽ വരുമ്പോൾ കൂടെ കൊണ്ടുവരുന്ന സമ്മാനങ്ങളിൽ കുറവോ വന്നാലോ അനിഷ്ടം അനുഭവിക്കേണ്ടിയും വരും.അതിന് അച്ഛനമ്മമാർ എന്നോ അളിയൻ പെങ്ങളെന്നോ അയൽക്കാരെന്നോ വിത്യാസവുമില്ല.ഇനി ഞാൻ തിരിച്ചു പോകുന്നില്ലെന്നും കൂടി ഒന്നുപറഞ്ഞാൽ കഴിഞ്ഞു കാര്യം!
മരുഭൂമിയിൽ വിയർപ്പുചിന്തി താൻ കെട്ടിപ്പൊക്കിയ ഇരുനില കൊട്ടാരം അതോടെ അയാൾക്ക് അന്യമാകും.താൻ പോരുമ്പോൾ കൂടെക്കൊണ്ടുവന്ന വന്ന ടിവിപോലും നേരാംവണ്ണം ഒന്നു കാണാൻ അയാൾക്കാ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല.
അതിന്റെ ഇടയ്ക്ക് കല്യാണം കൂടി കഴിഞ്ഞാൽ ബാധ്യത ഇരട്ടിയാകും.നാട്ടിലേക്ക് ഒന്നു വരണമെങ്കിൽ ഭാര്യയുടെ മാത്രമല്ല, ഭാര്യയുടെ അച്ഛന്റെ പെർമിഷൻ കൂടി വേണ്ടി വരും.മണലാരണ്യത്തിൽ വർക്ക് പെർമിറ്റ് സംഘടപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാവും ഇത്.കുട്ടികൾ കൂടി ആയിക്കഴിഞ്ഞാൽ പിന്നെ നാട്ടിലേക്ക് ഒരു തിരിച്ചുപോക്കിനെപ്പറ്റി ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കില്ല.അവരുടെ വളർച്ച, പഠനം, കല്യാണം,പേറെടുക്കൽ.. തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായി ഉണ്ട്.വീടുവച്ചതിന്റെയും കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത പെങ്ങളുടെ സ്ത്രീധന ബാക്കിയും വേറെ.ഭാര്യയുടെ അനുജത്തിയുടെ കല്യാണം അമേരിക്കക്കാരനുമായി പറഞ്ഞു വച്ചിരിക്കുന്നു.പള്ളിക്കാരനും ക്ഷേത്രക്കമ്മറ്റിയും എഴുതിതന്ന സംഭാവന ചീട്ട് എവിടെയാണ് വച്ചതെന്ന് ഇതിനകം അവൻ മറന്നുപോയിരുന്നു.പ്രവാസി എന്നത് അവനുമാത്രം ബാധ്യതയാകുന്ന ഒന്നാണ്.മറ്റുള്ളവർക്കെല്ലാം അതൊരു സാധ്യതയാണ്!
മണൽക്കാട്ടിൽ ഭാരം വലിച്ചുവലിച്ച് പ്രായമാകുന്ന ഒട്ടകങ്ങളെ ഒടുവിൽ അർബാബ് അറവുകാരന് കൊടുക്കും.ഒട്ടകത്തിന്റെ ഇറച്ചിക്ക് ആവശ്യക്കാരും ഏറെയാണ്.പ്രത്യേകിച്ച് നൂറുകണക്കിന് ഒട്ടകങ്ങളെ ചുമടെടുപ്പിച്ച് രസിച്ചവർക്ക്. ആർക്കൊക്കെയോ വളവും വെള്ളവും നൽകി അവസാനം വാടിക്കരിഞ്ഞ്
കൊഴിഞ്ഞുവീഴാൻ വിധിക്കപ്പെട്ട മരുഭൂമിയിലെ പാഴിലകൾ തന്നെയാണ് എന്നും പ്രവാസികൾ.
കോവിഡ് കാലത്ത് കേരളത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ -പ്രവാസികളുടെ മടങ്ങിവരവ്.ചിലർ തിരിച്ചുപോയി.ചിലർ മടങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.എന് നാൽ, മഹാഭൂരിപക്ഷത്തിന്റെയും പ്രവാസം കോവിഡ് കാലം എന്നെന്നേക്കുമായി അവസാനിപ്പിച്ചുകഴിഞ്ഞു.കേരളത്തെ കേരളമാക്കിയ അവർ കടുത്ത
ദുരിതത്തിലുമാണിപ്പോൾ.നിതാഖാത് ത് കാലത്ത് തുടങ്ങിയ പുനരധിവാസ പ്രഖ്യാപനങ്ങൾ വെറും വായ്പാപദ്ധതികളിലും ഒതുങ്ങി.പ്രവാസികൾ എന്നും കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്നു.അവരെ കൈവിടരുത്..
ദുരിതത്തിലുമാണിപ്പോൾ.നിതാഖാത്
അത്രമാത്രം!