KeralaNEWS

വേണേൽ കാശ് മുറ്റത്തും കായ്ക്കും

കുലുക്കി നോക്കിയിട്ടും മരത്തിൽ നിന്ന് കാശ് ഒന്നും വീണില്ല എന്ന് നയാപൈസ കയ്യിലില്ലാത്തവർ പറയുന്നത് കേട്ടിട്ടില്ലേ.എന്നാൽ മുറ്റത്ത് ഒന്നോ രണ്ടോ പ്ലാവ് നട്ടുകൊള്ളൂ.വയറ് നിറയെ ചക്ക കഴിക്കാനും കിട്ടും, കൈനിറയെ കാശും കിട്ടും.

രണ്ടു വർഷം മുൻപ് ഔദ്യോഗിക ഫലം എന്ന പദവി ലഭിച്ചതോടെ രാജകീയ സ്ഥാനമാണ് ഇന്ന് പ്ലാവിനുള്ളത്.രണ്ടുവർഷത്തെ കൊറോണക്കാലത്തോടെ ചക്കയുടെ “മൂല്യം” നാം തിരിച്ചറിയുകയും ചെയ്തതാണ്.ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ കൊണ്ട് വരുമാനം നേടുന്ന വ്യക്തികളും സംഘടനകളും ഇന്ന് ഒരുപാടുണ്ട്.അതിനു പുറമെ പ്രതിദിനം 5 ടൺ ചക്ക ശാസ്ത്രീയമായി സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റി അയയ്ക്കാനുള്ള സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ് നീലൂർ പ്രൊഡ്യൂസർ എന്ന കമ്പനി.

 ചക്കയും ഉപോൽപന്നങ്ങളും കയറ്റുമതി ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി.പ്ലാവുകൾ വ്യാപകമായി നടുന്നതും ചക്ക ഉൽപാദനം വർധിപ്പിക്കുന്നതും കൃഷി മേഖലയിലെ സാധ്യതകൾ വർധിപ്പിക്കുമെന്നു കമ്പനി ചെയർമാൻ മാത്യു സിറിയക്, സിഇഒ സിബി മാത്യു എന്നിവർ പറയുന്നു.ചക്കച്ചുള, പഴം, ചക്കക്കുരു എന്നിവ പ്രത്യേകം പായ്ക്ക് ചെയ്താണ് കയറ്റുമതി ചെയ്യുന്നത്. ചക്ക ഉണക്കിയെടുക്കാനുള്ള സംവിധാനവും ഉണ്ട്.നബാർഡിന്റെയും എസ്എഫ്എസിയുടെയും സഹായത്തോടെ 2016 നവംബർ ഒന്നിനാണ് നീലൂർ പ്രൊഡ്യൂസർ കമ്പനി പ്രവർത്തനമാരംഭിച്ചത്. 550 കർഷകരാണ് കമ്പനിയുടെ ഓഹരിയുടമകൾ.
സംസ്ഥാനത്തു 30 കോടി മുതൽ 60 കോടി ചക്ക വരെ പ്രതിവർഷം ഉൽപാദിപ്പിക്കുന്നുണ്ടെന്നും വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 30,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും കൃഷി വകുപ്പ് പറയുന്നു.

Back to top button
error: