സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതി സുഹൃത്തിനോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. പ്രതി അഭിജിത്ത് സുഹൃത്തിനോട് കൊലപാതകം വിവരിക്കുന്ന ശബ്ദരേഖ മീഡിയ വണ്‍ ടിവിയാണ് പുറത്തുവിട്ടത്. താനടക്കമുള്ളവരാണ് സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതെന്ന് അഭിജിത്ത് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താനാണ് സന്ദീപിന്റെ കഴുത്തില്‍ വെട്ടി പരുക്കേല്‍പ്പിച്ചതെന്നും തനിക്ക് പകരം മറ്റ് പ്രതികളെയും ജയിലില്‍ കയറ്റാന്‍ നിശ്ചയിച്ചിരുന്നെന്നും അഭിജിത്ത് പറയുന്നു. ക്വട്ടേഷന്‍ നേതാവ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താതെ അഭിജിത്ത് സുഹൃത്തിനോട് പറഞ്ഞു. വേങ്ങലിലെ ബിഡിജെഎസ് ബന്ധമുള്ള സുഹൃത്തിനോടാണ് അഭിജിത്തിന്റെ ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.
സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് ഉണ്ടായിരുന്ന രാഷ്ട്രീയ വൈരാഗ്യവും മുന്വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ പുളിക്കീഴ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.