മൂന്നാറിന്റെ അടിവാരമാണ് അടിമാലി.മൂന്നാറിലേതുപോലെ ആകർഷകമായ ധാരാളം കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലവും. ഇത്.ഇതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളച്ചാട്ടങ്ങൾ.നിരവധി വെള്ളച്ചാട്ടങ്ങൾ നേര്യമംഗലത്തിനും മൂന്നാറിനും ഇടയിൽ അടിമാലിക്കടുത്തായി നമുക്ക് കാണുവാൻ സാധിക്കും.അതിലൊന്നാണ് ചീയപ്പാറ വെള്ളച്ചാട്ടം.ദൂരെ നിന്നും നോക്കുമ്പോൾ ഗോവയിലെ ദൂത് സാഗർ വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന ഇവിടേക്ക് ധാരാളം സഞ്ചാരികൾ എത്താറുണ്ടെങ്കിലും യാതൊരുവിധ സൗകര്യങ്ങളും അവർക്കായി ഏർപ്പെടുത്താൻ ഇതുവരെ അധികാരികൾ തുനിഞ്ഞിട്ടില്ല.വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് അതിന്റെ ഭംഗി ആസ്വദിക്കുന്നതിനോ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനോ ഉള്ള സൗകര്യം ഇവിടെയില്ല.വനമേഖലയിലാണ് വെള്ളച്ചാട്ടം.അതിനാൽതന്നെ അടിസ്ഥാന സൗകര്യവികസനത്തിന് മുൻകൈയെടുക്കേണ്ടത് വനംവകുപ്പാണ്. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ സൗകര്യങ്ങൾ ഒരുക്കിയാൽ ധാരാളം ആളുകളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
കതിരകുത്തി വനത്തിൽ നിന്നുമാണ് ചീയപ്പാറയിൽ വെള്ളമെത്തുന്നത്. വേനൽക്കാലത്ത് പക്ഷെ ഇത് വറ്റിവരണ്ട അവസ്ഥയിലാകും.പരിഹാരമായി കതിരകുത്തി തോട്ടിൽ തടയണ നിർമിച്ച് വേനൽക്കാലത്ത് ചീയപ്പാറയിൽ വെള്ളമെത്തിക്കാം.ആവറുകുട്ടി പുഴയിൽനിന്നുള്ള വെള്ളവും ഇവിടേക്ക് തിരിച്ചുവിടാം.നിബിഡമായ വനം, അപൂർവമായ സസ്യജാലങ്ങൾ,ഏഴു തട്ടുകളിലായി കുത്തി ഒലിച്ചുവരുന്ന വെള്ളത്തിന്റെ ‘ചാട്ടങ്ങൾ’ ഇതൊക്കെയാണ് ചീയപ്പാറയുടെ പ്രത്യേകത.ഇവിടെ അടുത്തുതന്നെയാണ് വാളറ വെള്ളച്ചാട്ടവും.
ദേശീയപാത 85ന്റെ ഓരത്താണ് വാളറ,ചീയപ്പാറ ജലപാതങ്ങള്‍.മൂന്നാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇടത്താവളംകൂടിയാണ് ഈ ജലപാതങ്ങൾ.കൂടാതെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ സഞ്ചാരികളുടെ മനംകവര്‍ന്ന് വേറെയും നിരവധി ചെറുവെള്ളച്ചാട്ടങ്ങളുണ്ട്.പക്ഷെ സഞ്ചാരികൾക്ക് യാതൊരു സൗകര്യങ്ങളും ഇവിടെ ഇല്ല എന്നത് ഒരു ന്യൂനതയായി അവശേഷിക്കുന്നു.