NEWS
ഹൗസ് ഫുള്ളായി ‘പീപ്പിള്‍സ് റസ്റ്റ്’ ഹൗസുകൾ
വമ്പൻ ഹിറ്റായി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ.പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നലെ ഒരു മാസം പൂർത്തിയാകുമ്പോൾ (നവംമ്പര്‍ 1 മുതല്‍ 30 വരെ) 4604 ബുക്കിംഗ് ആണ് ഇതിനകം നടന്നത്.ഇതുവഴി 27,84,213 രൂപ വരുമാനം ഉണ്ടായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ഉള്ളത്.പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നതും.ഇവ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിന്റെ ഭാഗമായി പല റസ്റ്റ് ഹൗസുകളും അടുത്തിടെ നവീകരിച്ചിരുന്നു.ഇതോടൊപ്പം ഭക്ഷണശാലകളും ഉടൻ പ്രവർത്തിച്ചു തുടങ്ങും.ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ്ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.