തിരുവനന്തപുരം: സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 691 പോലീസ് ഉദ്യോഗസ്ഥർ വകുപ്പ്തല അന്വേഷണം നേരിടുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ കണക്കാണിത്.
കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടെ ഉണ്ടായിട്ടുള്ള കേസുകളുടെ എണ്ണമാണിത്. ക്രിമിനൽ കേസുകളിൽ പ്രതികളായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും ഇതുവരെ പിരിച്ച് വിട്ടിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ആഭ്യന്തരവകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പല ഉദ്യോഗസ്ഥരും വിജിലൻസ്, ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ വിചാരണയും വകുപ്പ്തല അന്വേഷണവും നേരിടുകയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. നിയമസഭയിലും ഇത് സംബന്ധിച്ചുള്ള കണക്ക് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.