എ.കെ ബാലൻ പങ്കെടുത്ത പാർട്ടി യോഗത്തിൽ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം
കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടിൽ എ.കെ.ബാലന് ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കൂടിയ തുക നൽകിയാണ് സ്ഥലം വാങ്ങിയതെന്നും പാർട്ടി പ്രതിനിധികൾ തുറന്നടിച്ചു
തൃശൂർ: കണ്ണമ്പ്ര റൈസ് പാർക്കിന് ഭൂമി ഏറ്റെടുത്തുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലനെതിരേ പാർട്ടിയിൽ രൂക്ഷ വിമർശനം. വടക്കഞ്ചേരി സി.പി.എം ഏരിയാ സമ്മേളനത്തിൽ എ.കെ ബാലൻ്റെ സാന്നിദ്ധ്യത്തിൽ തന്നെയാണ് വിമർശനം ഉയർന്നത്. കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടിൽ എ.കെ.ബാലന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എ.കെ. ബാലൻ മന്ത്രിയായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുൾപ്പെട്ട കണ്ണമ്പ്രയിൽ നടന്ന സ്ഥലമേറ്റെടുപ്പിൽ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
കണ്ണമ്പ്ര അരിമിൽ സ്ഥലമേറ്റെടുപ്പ് വിഷയവും മറ്റും നേതൃത്വം നേരത്തെ അറിഞ്ഞിട്ടും കണ്ണടച്ചു. പരാതി വന്നപ്പോൾ മാത്രമാണ് അന്വേഷിച്ചതും നടപടിയെടുത്തതും. നടപടി നേരിട്ടവർ ഇപ്പോഴും പാർട്ടിയുടെ തണലിൽ വിലസുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ കണ്ണമ്പ്രയിൽ നിർമിക്കുന്ന ആധുനിക അരിമില്ലിനുവേണ്ടി വിപണിവിലയേക്കാൾ കൂടിയ തുക നൽകി സ്ഥലം വാങ്ങിയെന്നായിരുന്നു ആരോപണം.
വിഷയത്തിൽ പാർട്ടിനടത്തിയ അന്വേഷണത്തിൽ കണ്ണമ്പ്ര ബാങ്ക് സെക്രട്ടറി ആർ. സുരേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കി. വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സി.കെ. ചാമുണ്ണിയെ തരംതാഴ്ത്തി.
മൂന്ന് ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള പ്രതിനിധികളാണ് എ.കെ. ബാലനെതിരേ തുറന്നടിച്ചത്. പഴയ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ പരാതിയിൽ തരംതാഴ്ത്തപ്പെട്ട മുൻ ഏരിയാ സെക്രട്ടറി കെ. ബാലനെതിരെയും വിമർശനമുയർന്നു. സമ്മേളനത്തിൽ എ.കെ ബാലനിരിക്കെത്തന്നെ നടത്തിയ വിമർശനം നേതൃത്വത്തെ ഞെട്ടിച്ചു. എന്നാൽ താൻ കൈകാര്യംചെയ്തിരുന്ന വകുപ്പിലുൾപ്പെട്ടതായിരുന്നില്ല കണ്ണമ്പ്ര ഭൂമിയേറ്റെടുക്കലെന്ന് എ.കെ ബാലൻ ചർച്ചയ്ക്ക് മറുപടി നൽകി.