കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതിനെ തുടർന്ന് സ്പിൽവെ ഷട്ടറുകൾ രാവലെ എട്ടോടെ തുറക്കും. ഇന്നലെ വൈകുന്നേരം മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 15 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇന്നലെ വൈകുന്നേരം 140.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. പുലർച്ചെ 5.30 ന് ഇത് 141 അടിയിലെത്തി. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ ഉയർത്തുന്നതു സംബന്ധിച്ച് ഇടുക്കി കളക്ടർക്ക് വിവരം നൽകി. കളക്ടർ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ തുറക്കുന്നതോടെ ഇടുക്കിയും തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടും.
പദ്ധതി പ്രദേശങ്ങളായ ഉപ്പുതറ, കട്ടപ്പന, ഏലപ്പാറ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. രാവിലെ ഡാമിലെ ജലനിരപ്പ് 2399.38 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ വീണ്ടും ജലനിരപ്പുയരാൻ കാരണമാകും.