‘മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല’… കോലം കത്തിച്ചാലോ ,വെല്ലുവിളിച്ചാലോ പേടിച്ചോടുമെന്ന ആശ വെറുതെയാണ്, അതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയിൽ പോയിട്ടില്ല!! അധികാര കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി…ലീഗ് അഭിനയിക്കുന്ന മതേതരനാടകം കപടനാടകമാണെന്ന് അറിയാൻ പാഴൂർ പടിപ്പുരയിലൊന്നും പോകേണ്ടതുമില്ല- വെള്ളാപ്പള്ളി

ഇന്ത്യയെ മതപരമായി വിഭജിക്കാൻ മുന്നിൽ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്ലിം ലീഗ്, അതിൽ കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട!! യുഡിഎഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്, സംസ്ഥാന ഭരണത്തിന്റെ മറവിൽ തീവ്രവാദ ശക്തികൾക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സർക്കാർ സാധിച്ചുകൊടുക്കുമോ?… വെള്ളാപ്പള്ളി
കൊച്ചി: മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം മുഖപത്രം യോഗനാദം. അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി വിമർശിക്കുന്നു. ‘മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദം മാനേജിംഗ് എഡിറ്റർ വെള്ളാപ്പള്ളി നടേശനാണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളിൽ നിന്നും മനസ്സിലാകുമെന്നും എഡിറ്റോറിയൽ വിമർശിച്ചു.
അതുപോലെ ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിർക്കുന്നവർ ആരായാലും അവരെ മുസ്ലിം വിരുദ്ധ, വർഗീയവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ആസൂത്രിതശ്രമമാണ് ആ സംഘടന അനുവർത്തിക്കുന്നതെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. മുസ്ലിം മതത്തെയല്ല, മുസ്ലിം ലീഗെന്ന സംഘടനയുടെ മതവിവേചനത്തേയും വർഗീയതയേയും ശക്തമായി എതിർത്തതിനാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ തന്നെ വർഗീയവാദിയെന്ന് വിളിച്ച് തെരുവിൽ ആക്ഷേപിക്കുന്നതെന്നും എഡിറ്റോറിയൽ വിമർശിച്ചു. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ താൻ പേടിച്ചോടുമെന്ന ആശ വെറുതെയാണ്. അതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയിൽ പോയിട്ടില്ല എന്നാണ് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം.
യുഡിഎഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്. സംസ്ഥാന ഭരണത്തിന്റെ മറവിൽ തീവ്രവാദ ശക്തികൾക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സർക്കാർ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്ന് കാണാം. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മതപരമായ വിവേചനത്തിനും അധിനിവേശത്തിനുമെതിരെയും സ്വാഭാവികമായി എസ്എൻഡിപി യോഗം രംഗത്തുവരും. നാളെയും വിമർശിക്കുമെന്നും എഡിറ്റോറിയയിൽ പരാമർശിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയിൽ നടത്തി ലീഗ് പ്രവർത്തകരുടെ റാലി ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം ഉയർത്തിയിരിക്കുന്നത്.
‘സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനുമത്രെ ലീഗിന്റെ മുഖ്യശത്രുക്കൾ. മതസൗഹാർദത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി വിദ്വേഷം പ്രചരിപ്പിക്കുകയുമാണ് മുസ്ലിം ലീഗ്. മതമാണ് പ്രശ്‌നമെന്ന് പ്രസംഗിച്ചുനടന്ന കെ എം ഷാജിയെപ്പോലെ വർഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാൽ കേരളത്തിൽ മതസൗഹാർദം പുലർത്തുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഈ ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഭരണക്കസേരയിൽ ഏറിക്കഴിഞ്ഞാൽ മുസ്ലിം ലീഗ് എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മതത്തിന്റെ പേരിലുള്ള സംഘടനയ്ക്ക് മതം പറയാനുള്ള അർഹതയില്ല. ഇന്ത്യയെ മതപരമായി വിഭജിക്കാൻ മുന്നിൽ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്ലിം ലീഗ്. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. ലീഗ് അഭിനയിക്കുന്ന മതേതരനാടകം കപടനാടകമാണെന്ന് അറിയാൻ പാഴൂർ പടിപ്പുരയിലൊന്നും പോകേണ്ടതുമില്ല. ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തിന്റെ നാട്ടിലാണ് മുസ്ലിം ലീഗ് വളർന്ന് പന്തലിച്ചത്. അന്ന് അവിടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കിയ തന്ത്രമൊന്നും ഇനി വിലപ്പോകില്ല. മാറാട് കലാപവും കേരളം മറന്നിട്ടില്ല. അതിന്റെ പിന്നിലെ കൈകൾ ആരുടേതാണെന്ന് തങ്ങൾക്ക് അറിയാമെന്നും എഡിറ്റോറിയയിൽ പരാമർശിക്കുന്നു.






