Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

നിര്‍മാണ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് തെറ്റെന്നു പറയുന്ന ഐഎഎസുകാരായ അശോകും പ്രശാന്തും ആക്ടിവിസ്റ്റുകളും എങ്ങനെ പ്രതികരിക്കും? സര്‍ക്കാര്‍ പദ്ധതികള്‍ തുടരുമെന്ന വി.ഡി. സതീശന്റെ പ്രസ്താവന വായിച്ചെടുക്കേണ്ടത് എങ്ങനെ? എന്താണു പുതുയുഗം? വൈറലായി ചര്‍ച്ച

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കണ്ടു പുറത്തുവന്നശേഷം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് സര്‍ക്കാര്‍ തുടര്‍ച്ചയാണെന്നും ഒരു സര്‍ക്കാര്‍ ചെയ്തു വന്ന കാര്യങ്ങള്‍ മറ്റൊരു സര്‍ക്കാര്‍ നിര്‍ത്തിയാല്‍ കേരളം ഉണ്ടാകുമോ എന്നുമാണ്. കേരളം തുടങ്ങിവച്ച പദ്ധതികളില്‍ മാറ്റമുണ്ടാകില്ല എന്നു വ്യക്തമാക്കുന്നതാണ് വി.ഡി. സതീശന്റ പ്രസ്താവനയെന്ന് ഇടതുപക്ഷത്തു നില്‍ക്കുന്ന സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഇതു സംബന്ധിച്ച് ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 

പോസ്റ്റ് ഇങ്ങനെ

Signature-ad

വി.ഡി. സതീശന്‍ വ്യക്തമായി പറഞ്ഞ കാര്യം ഇതാണ്.

രാഷ്ട്രീയമായി വിമര്‍ശിച്ച ചില ചെറിയ ചെറിയ മാറ്റങ്ങളല്ലാതെ LDF സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളില്‍ മാറ്റമുണ്ടാകില്ല. മറിച്ചായാല്‍ കേരളം ഉണ്ടാകില്ലല്ലോ എന്നും നിയുക്ത മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്.

CLP യിലെ മഹാഭൂരിപക്ഷം തന്നെ മറികടന്ന് ശ്രീ സതീശനെ മുഖ്യമന്ത്രി പദത്തിലെത്തിച്ച നിര്‍മ്മിത പൊതുബോധത്തില്‍ / നിര്‍മ്മിത ജനപ്രീതിയില്‍ മുഖ്യ പങ്ക് യാന്ത്രിക പരിസ്ഥിതി വാദികള്‍ക്കുണ്ട്. മഹാമഴവില്‍ മുന്നണിയില്‍ KSSP യെ കൊണ്ട് കെട്ടാന്‍ ദല്ലാള്‍ പണിയെടുത്ത കൂട്ടരുണ്ട്. അവരൊക്കെ സതീശന്റെ ഈ നിലപാടിനോട് എങ്ങനെ പ്രതികരിക്കും? അതായത് വിഴിഞ്ഞത്ത് കലാപ ശ്രമം നടത്തിയവര്‍, തീരദേശ പാത വേണ്ടെന്ന് പറഞ്ഞവര്‍, വയനാട് തുരങ്കപാതയെ എതിര്‍ക്കുന്നവര്‍, ദേശീയ പാതയില്‍ ഓട്ടോ ഓടില്ലല്ലോ എന്നും മറ്റും പറഞ്ഞവര്‍ തുടങ്ങി ഇന്‍ഫ്രസ്ട്രക്ച്ചര്‍ പ്രോജക്ടുകളില്‍ ഇത്രയും ഇന്‍വെസ്റ്റ് ചെയ്യുന്നത് അപകടമാണ് എന്നു പറയുന്ന ഐഎഎസുകാരായ പ്രശാന്തും അശോകനും അടക്കം ഇതിനോട് എങ്ങനെ പ്രതികരിക്കും?

LDF സര്‍ക്കാര്‍ സ്വീകരിച്ച വികസന തന്ത്രം കേരളത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടിന്റെ പ്രതിഫലനമാണ്. അത് പറഞ്ഞു തന്നെ പോകണം.

1. കേരളം ഒരു കാര്‍ഷിക സമ്പദ്ഘടനയല്ല.

2. സര്‍വ്വീസ് ലെഡ് സമ്പദ്ഘടനയുടെ ഡ്രൈവിങ് ഫോഴ്സ് മൈഗ്രേഷനും റമിറ്റന്‍സുമാണ്. (ഇതിനര്‍ത്ഥം കേരളത്തിന്റെ സമ്പദ്ഘടന അപ്പാടെ റമിറ്റന്‍സാണ് എന്നല്ല )

3. വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസം +2 ആക്കി മാറ്റി.

4. ഈ പരിവര്‍ത്തനം പരമ്പരാഗത തൊഴിലുകള്‍ മതിയാകാത്ത സ്ഥിതി ഉണ്ടാക്കുന്നുണ്ട്. പഠിച്ച കുട്ടികള്‍ക്ക് പാകമായ തൊഴില്‍ (വരുമാനത്തില്‍ മാത്രമൊതുങ്ങുന്നതല്ല ഇത്. സാമൂഹ്യാന്തസും പ്രധാനമാണ് )

5. ഇതേ പോലെ നമ്മുടെ തൊഴില്‍ സേനാ ഘടനയിലെ മാറ്റവും പ്രധാനമാണ്. നമ്മുടെ തൊഴില്‍ സേനയുടെ 50. 3 ശതമാനം1991 ല്‍ 20 – 34 പ്രായ ഗ്രൂപ്പില്‍ വരുന്നവരായിരുന്നു. 2021 ല്‍ അത് 36.3 ശതമാനം മാത്രമാണ്. 2031 ല്‍ 31 ശതമായി കുറയും എന്നാണ് അനുമാനം. അതേ സമയം 50- 64 പ്രായ ഗ്രൂപ്പില്‍ വരുന്ന തൊഴിലെടുക്കുന്നവര്‍ 1991 ല്‍ 18.6 ശതമാനമായിരുന്നത് ഇപ്പോള്‍ 32 ശതമാനമായി.

6. ഇത് പ്രകടമാക്കുന്നത് എന്താണ്? പഠിച്ച ചെറുപ്പക്കാര്‍ ഇവിടെ നില്‍ക്കണമെങ്കില്‍ അതിനു പറ്റിയ നിക്ഷേപവും സംരംഭവും വരണം. കായികാദ്ധ്വാനത്തിന് പറ്റിയ മനുഷ്യ വിഭവശേഷിയ്ക്ക് നാം ഇപ്പോള്‍ ഇന്‍ മൈഗ്രേഷനെ ആശ്രയിച്ചേ മാര്‍ഗമുള്ളു.

7. പഠിച്ച ചെറുപ്പക്കാര്‍ക്കുള്ള പണി വേണമെങ്കില്‍ നല്ല മൂല്യ വര്‍ദ്ധന ഉണ്ടാക്കുന്ന നവ വ്യവസായങ്ങളില്‍ / സംരഭങ്ങളില്‍ നിക്ഷേപം വരണം. നമുക്ക് കൂലിയിലോ തൊഴില്‍ അവകാശങ്ങളിലോ വിട്ടുവീഴ്ച പറ്റില്ല. ഭൂമിയ്ക്ക് വലിയ പരിമിതിയും ഉണ്ട്. പിന്നെങ്ങനെ ഈ നവ സംരഭക നിക്ഷേപം വരും?

8. ലോക നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചറും പലതരം കണക്ടിവിറ്റികളും ഉറപ്പാക്കണം. പക്ഷെ അതിനുള്ള പണം എവിടെ നിന്നാണ് ? പണം വരുമ്പോള്‍ ചെയ്യാം എന്നാണെങ്കില്‍ ഈ ചെറുപപക്കാര്‍ 50- 64 പ്രായ ഗ്രൂപ്പില്‍ എത്തും.

9. അതിനുള്ള ബദല്‍ വഴിയാണ് കിഫ്ബിയും അതു വഴിയുള്ള വികസന തന്ത്രവും.

10. അത് ഡിവിഡന്റ്‌സ് കൊണ്ടുവരികയാണ്. അതാണ് നമ്മുടെ വ്യവസായ / നിക്ഷേപക അന്തരീക്ഷം മാറ്റിയത്. അതാണ് ജോലിയിലേയും കൂലിയിലേയും ക്വാളിറ്റേറ്റിവ് മാറ്റം കൊണ്ടു വരുന്നത്. അതാണ് തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നത്. ഈ പശ്ചാത്തലം നമ്മുടെ പുതു തലമുറയുടെ സ്‌കില്ലിങ് മെച്ചമാക്കല്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് നമ്മുടെ ഇന്നത വിദ്യാഭ്യാസത്തിന്റെ പുന സംഘടന ആവശ്യപ്പെടുന്നുണ്ട്.

12. ഈ ദിശയിലുള്ള വികസന തന്ത്രമാണ് LDF കൊണ്ടുവന്നത്. ഇതോടൊപ്പം സുശക്തമായ സാമൂഹ്യ സുരക്ഷയും.

നവകേരളം എന്ന് ഇടതു പക്ഷം പറഞ്ഞ ദിശ ഇതാണ് എന്നതാണ് എന്റെ ധാരണ. ഇതില്‍ മാറ്റമില്ല എന്നാണോ ശ്രീ സതീശന്‍ പറയുന്നത്? അപ്പോള്‍ ശ്രീ സതീശന്റെ പുതുയുഗം എന്താണ് ? അതില്‍ എന്തൊക്കെയുണ്ട്? കേള്‍ക്കാന്‍ , കാണാന്‍ കാത്തിരിക്കുന്നു

 

#വിഡിസതീശൻ, #പിണറായിവിജയൻ, #കേരളരാഷ്ട്രീയം, #വികസനം, #കിഫ്ബി, #പുതുയുഗം, #യുഡിഎഫ്, #എൽഡിഎഫ്, #KeralaBudget, #EconomicGrowth, #Vizhinjam, #NationalHighway, #HigherEducationKerala, #SkillDevelopment, #KeralaInfrastucture, #PoliticalDebateKerala

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: