ഒറ്റക്കെട്ടായപ്പോൾ എംഎൽഎമാർ കെസിക്കൊപ്പം… ഒറ്റയ്ക്കൊറ്റയ്ക്ക് ചോദിച്ചപ്പോൾ അഭിപ്രായം മാറ്റിയതായി വിഡി- ആർസി പക്ഷങ്ങൾ!! സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, തീരുമാനം കേരളത്തിലെ ജനവികാരം മാനിച്ചാകണം, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം… ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി ജോസഫ് വിഭാഗം

തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടരുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് ഘടകകക്ഷികൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചത്. അതുപോലെ കേരളത്തിൻറെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെസി വേണുഗോപാൽ പക്ഷത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിൻറെ നിലപാട് നൽകുന്നത്.
10 വർഷത്തിനു ശേഷം അധികാരം കയ്യിലെത്തി നിൽക്കുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ കടുംപിടിത്തവുമായി രംഗത്തുണ്ട്. എംഎൽഎമാരുടെ പിന്തുണ കെസി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെസി പക്ഷത്തിൻറെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വിഡി പക്ഷവും ആർസി പക്ഷവും പറയുന്നത്.
കെസിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എംഎൽഎമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. 40 ലധികം പേരുടെ പിന്തുണ എന്ന കെസി പക്ഷത്തിൻറെ കണക്ക് തെറ്റാണെന്ന് വിഡി – ആർസി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വിഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നു.





